കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചിറക്കല്‍പ്പടി 17 ാം വാര്‍ഡില്‍ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ടി. അലി.

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെ കുതിപ്പിന് ശക്തമായ ഊർജ്ജം പകർന്ന് സി. ടി. അലി. ചിറക്കൽപടി പതിനേഴാം വാർഡിലാണ് യുഡിഎഫിൽ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് മുഹമ്മദ്‌ അലി എന്ന സി. ടി. അലി ജനവിധി തേടുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തോളമായി തുടരുന്ന തന്റെ പൊതുജീവിതത്തിൽ നിന്നാർജ്ജിച്ച ബൃഹത്തായ വ്യക്തിബന്ധങ്ങളുടെ ആർജവം ഉൾക്കൊണ്ടു കൊണ്ടാണ് സി.ടി.അലി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ ഭരണസമിതിയിൽ ചിറക്കൽപടിയെ പ്രതിനിധീകരിച്ച ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെവനിത സംവരണം വന്നതോടെ വിട്ടു നിന്നിരുന്നു. തുടർന്ന് പൂർവാധികം ആത്മവിശ്വാസത്തോടെയാണ് സി.ടി.അലി ഇത്തവണ ജനവിധി തേടുന്നത്. മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ, പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിൽ മികച്ച സഹകാരിയായി തുടരുന്ന സി. ടി. അലിക്ക് തന്റെ പൊതു ജനസമ്മതി തന്നെയാണ് ശക്തമായ ആയുധം. സ്വത സിദ്ധമായ ലാളിത്യം കൈമുതലായുള്ള ഇദ്ദേഹത്തിന്റെ വോട്ടഭ്യർത്ഥന കുടുംബങ്ങൾ തൊഴു കയ്യോടെ തന്നെ സ്വീകരിക്കുന്നു. താൻ പ്രാതിനിത്യം വഹിച്ചിരുന്ന ഭരണ സമിതിയിൽ ചിറക്കപ്പടിക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്താനായിട്ടുണ്ടെന്ന് സി. ടി. അലി പറയുന്നു. എന്നാൽ ഇനിയും വികസനം വരേണ്ടതുണ്ട്. പ്രധാനമായും റോഡുകൾ ഗതാഗത യോഗ്യമാക്കണം. താൻ വിജയിച്ചാൽ സ്വന്തമായി ഭൂമിയുള്ള എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു. ജനങ്ങൾ ഏറെ ദുരിതം അഭിമുഖീകരിക്കുന്ന ചിറക്കപ്പടി കാഞ്ഞിരപ്പുഴ റോഡിന്റെ ശോചനീയാവസ്ഥയിലും സി.ടി.അലി ആകുലത പങ്കു വച്ചു. നിലവിൽ എൽ ഡി എഫ് വിജയിച്ചു നിൽക്കുന്ന ചിറക്കപ്പടി പതിനേഴാം വാർഡിൽ 2010ലെ വിജയം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സി. ടി. അലി പ്രചരണം തുടരുന്നത്.

News

ഏഴാം വാർഡിൽ ഡമ്മി പിന്മാറിയില്ല : തച്ചമ്പാറയിൽ 49 പേർ മത്സരരംഗത്ത്

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ തച്ചമ്പാറ പഞ്ചായത്തിൽ 49 പേർ മത്സരരംഗത്ത്. മൊത്തം 80 പേരായിരുന്നു നാമനിർദ്ദേശപത്രിക നൽകിയിരുന്നത്. ഇതിൽ 31 പേർ പിൻവലിച്ചു. ഏഴാം വാർഡിൽ യു ഡി എഫിന്റെ ഡമ്മി സ്ഥാനാർഥി മഞ്ജു പത്രിക പിൻവലിച്ചില്ല. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് ഇവർ എത്തിയത്. എൽ ഡി എഫും യുഡിഎഫും പതിനഞ്ച് വാർഡുകളിൽ മത്സരിക്കുമ്പോൾ ബിജെപി 12 വാർഡുകളിലാണ് മത്സരിക്കുന്നത്. 10, 12, 13 വാർഡുകളിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ നിർത്താത്തത്. ഇടതുപക്ഷം 4 സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയപ്പോൾ യു ഡി എഫ് രണ്ടുപേരെ നിർത്തിയിട്ടുണ്ട്. 1, 8, 9, 15 വാർഡുകളിലാണ് ഇടതു സ്വാതന്ത്രർ. 2, 4 വാർഡുകളിലാണ് യുഡിഎഫ് സ്വാതന്ത്രർ. ഏറ്റവും കൂടുതൽ പേർ മത്സരരംഗത്തുള്ളത് ഒന്നാം വാർഡിലാണ്. അഞ്ചുപേർ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി അബ്ബാസ്, എൽഡിഎഫ് സ്ഥാനാർഥി അബൂബക്കർ എന്നിവർക്ക് ഇതേ പേരിൽ അപരന്മാർ ഉണ്ട്. പതിനൊന്നാം വാർഡിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമേ രണ്ടുപേർ മത്സരരംഗത്തുണ്ട്. പതിനഞ്ചാം വാർഡിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎം സഫീർ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

4 ദിവസം പ്രായമുള്ള കുഞ്ഞിനും കോവിഡ് പോസിറ്റീവ് ആയ അമ്മയ്ക്കും പ്രസവാനന്തര സൗകര്യമൊരുക്കി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാർ.

പ്രസവം കഴിഞ്ഞയുടൻ കോവിഡ് ബാധിച്ച് കരിമ്പ സിഎഫ്എൽടിസി യിലെത്തിയ അമ്മയ്ക്കും കുഞ്ഞിനും പ്രസവാനന്തര സൗകര്യമൊരുക്കി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാർ. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് പോസിറ്റീവായ അമ്മയോടൊപ്പം എത്തിയതറിഞ്ഞ് ഉടൻ കുഞ്ഞിനും അമ്മയ്ക്കും വേണ്ട എല്ലാ ആവശ്യവസ്തുവും കുഞ്ഞുടുപ്പും കരുതുകയായിരുന്നു കോവിഡ് പോസിറ്റീവായി തൊട്ടടുത്ത മുറികളിൽ കഴിയുന്ന പോലീസുകാർ. ഇപ്പോൾ കോവിഡ് പരിചരണ കേന്ദ്രത്തിൽ പോസിറ്റീവായി കഴിയുന്ന 79 പേരിൽ 54പേരും പോലീസുകാരാണ്. കുഞ്ഞിനുള്ള പോലീസുകാരുടെ സ്നേഹസമ്മാനം ജനമൈത്രി സിവിൽ പോലീസ് ഓഫീസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ എത്തിക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൊതുവെ തൃപ്തികരമാണ്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിഗ്ധ ഘട്ടത്തില്‍ കോവിഡ് സെന്ററിലെ ജീവനക്കാര്‍ നടത്തിയ പ്രത്യേക സ്നേഹവും പരിചരണവും വളരെ മാതൃകാപരമായി. മെഡിക്കൽ ഓഫീസർ ഡോ.പി.ബോബി മാണി, ഡോ.ജോബിൻ ബെന്നി, നോഡൽ ഓഫീസർ പ്രദീപ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 9 പഞ്ചായത്തുകൾക്ക് ആശ്രയമാണ് കരിമ്പ ബഥനി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഈ കോവിഡ് പരിചരണ കേന്ദ്രം

അംഗപരിമിതി ഓര്‍മ്മയിലേ ഇല്ല : വാര്‍ഡ് മുഴുവന്‍ നടന്ന് വോട്ട് തേടി തച്ചനാട്ടുകര 11 ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി മുഹമ്മദ് സലീം

കാൽ നൂറ്റാണ്ട് കാലമായി മണ്ണാർക്കാട് യൂത്ത് ലീഗിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് കെ പി മുഹമ്മദ്‌ സലീം. തന്റെ അംഗപരിമിതി പോലും വകവെക്കാതെ ലീഗ് രാഷ്ട്രീയത്തിൽ ഓടിനടന്നു പ്രവർത്തിച്ചതിന്റെ ഫലമായി സലീം ഇന്ന് യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് യുവാക്കൾക്ക് മുൻഗണന നൽകിയപ്പോൾ സലീമിന് കർമ്മമണ്ഡലത്തിൽ തെളിഞ്ഞത് ജനസേവകന്റെ വേഷമാണ്. തച്ചനാട്ടുകര പഞ്ചായത്തിൽ വാർഡ് 11 ചാമപറമ്പിൽ യു.ഡി.എഫ്‌ സ്ഥാനാർഥിയായാണ് സലീം ജനവിധി തേടുന്നത്. ക്രച്ചസിന്റെ സഹായത്തോടെ നടന്ന് വോട്ട് അപേക്ഷിച്ചു സുഹൃത്തുകളോടൊപ്പം വീടുകളിൽ കയറിയിറങ്ങിയും തന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചും സലീം ജനശ്രദ്ധ പിടിച്ചുപറ്റികൊണ്ടിരിക്കുകയാണ്. ഒന്നര വയസ്സിൽ വന്ന അസാധാരണമായ പനിയെ തുടർന്നാണ് സലീമിന്റെ കാലിന് ചലനശേഷി നഷ്ട്ടപ്പെട്ടത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടാണ് സലീമിന് ഉള്ളത്. ഇത്തവണ തെങ്കര ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർഥി ഗഫൂർ കോൽകളത്തിലും വലിയ പ്രതീക്ഷയാണ് ഇദ്ദേഹത്തിൽ അർപ്പിക്കുന്നത്. മണ്ണാർക്കാട് ഡി.എച്ച്.എസിൽ അധ്യാപകനാണ് സലീം.

മണ്ണാർക്കാട് നഗരത്തിൽ 200 രൂപയിൽ മഹാത്ഭുതം സൃഷ്ടിച്ച് മഹാലാഭ മേള വീണ്ടും. കെടിഎം ഹൈസ്കൂളിന് സമീപം ഗൃഹോപകരണ മേള ആരംഭിച്ചു.

മണ്ണാർക്കാട് നഗരത്തിൽ 200 രൂപയിൽ മഹാത്ഭുതം സൃഷ്ടിച്ച് മഹാലാഭ മേള വീണ്ടും. കെടിഎം ഹൈസ്കൂളിന് സമീപത്തെ മൈതാനിയിലാണ് ഗൃഹോപകരണ മേള ആരംഭിച്ചത്. നഗരസഭാ മുൻ ചെയർപേഴ്സൺ എം. കെ. സുബൈദ ലാഭ മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിപുലമായ ഓഫറുകളുമായി ഫാക്ടറിയിൽ നിന്നും നേരിട്ടെത്തിച്ചിട്ടുള്ള ഉത്പന്നങ്ങളാണ് മഹാ ലാഭ മേളയിൽ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. 10 രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണങ്ങളുടെ വൈവിധ്യമാണ് മേളയുടെ പ്രത്യേകത. 3 സ്റ്റൂളുകൾ, ഡോർ കർട്ടൻ, 16 ചവിട്ടികൾ, 3 ബക്കറ്റ്, 3 വലിയ ബേസിനുകൾ, 3 തലയിണ, 8 തോർത്തുകൾ, 3 ടി ഷർട്ട്‌, സെറ്റി കവർ, ലേഡീസ് ചപ്പൽ, കോളേജ് ബാഗ്, കോട്ടൺ ഷർട്ടുകൾ, ലേഡീസ് ത്രീ ഫോർത്ത്, നൈറ്റ് വെയർ, ഡബിൾ കോട്ട് ബെഡ്ഷീറ്റ്, സ്റ്റീൽ പാത്രങ്ങൾ, ക്ലോക്കുകൾ, ഫ്രെയിമുകൾ, അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി നൂറു കണക്കിന് ഗൃഹോപകരണങ്ങൾക്ക് കേവലം 200 രൂപ വീതമാണ് വില. ലെഗ്ഗിൻസ്, ജഗ്ഗിൻസ്, പാട്യാല, പലാസോ എന്നിവ എഴുപതു രൂപ മുതൽ ലഭ്യമാണ്. ഇതിന് പുറമെ ആയിരത്തിൽ പരം വ്യത്യസ്തമായ മാറ്റുകൾ, ബ്രാൻഡഡ് ഫൈബർ പ്ലേറ്റുകൾ, ബൗളുകൾ, സ്റ്റീൽ അലുമിനിയം പാത്രങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ലാഭ മേളയിലുള്ളത്. മേളയിൽ 750 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒരു രൂപക്ക് ചെരുപ്പ്, 2000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 200 രൂപക്ക് 3 വർഷം വാറന്റിയുള്ള പ്രഷർ കുക്കർ, 500 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 160 രൂപക്ക് 350 രൂപയുടെ ചെയർ, 650 രൂപക്ക് 900 രൂപയുടെ ടേബിൾ എന്നിങ്ങനെ ഓഫറുകളും നീളുന്നു. കുട്ടികൾക്കുള്ള കളിക്കോപ്പുകളുമായി ടോയ്‌സ് ഫെസ്റ്റ്, ലേഡീസ് വസ്ത്ര മേളയുമായി റയോൺ കുർത്തി ഫെസ്റ്റ്, വൈവിധ്യങ്ങളായ ബാഗുകളുടെ വിപണനവുമായി ബാഗ് ഫെസ്റ്റ്, മാറ്റ് ഫെസ്റ്റ് എന്നിവ മഹാലാഭ മേളയുടെ പ്രത്യേക ആകർഷകങ്ങളാണ്. കോവിഡ് പ്രതിരോധ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്, നിരന്തരമായി അണുവിമുക്തമാക്കുന്ന ഷോറൂമിലാണ് മഹാ മേള നടക്കുന്നത്.

District News

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ അധ്യക്ഷയായി. മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടന സന്ദേശം വായിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി. സി ഉദയകുമാര്‍, പി പി രാധാമണി, ഹരി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ രാമചന്ദ്രന്‍, എസ് ഷൈലജ, രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ഗീത, വി. സുബ്രഹ്മണ്യന്‍, എസ് വിനേഷ്, പി. പ്രീത, എസ് അനിത, കെ. ജഹ്ഫര്‍, കെ. ഹരിദാസന്‍, പഞ്ചായത്ത് എക്‌സി. എന്‍ജിനീയര്‍ അനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ കൊങ്ങത് എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത. പൊതുജനങ്ങള്‍ സഹകരിക്കണം : മന്ത്രി എ. കെ ബാലന്‍

ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം- മന്ത്രി എ. കെ ബാലന്‍ പാലക്കാട് ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതല്‍ നടത്തിയ 10597 ആന്റിജന്‍ ടെസ്റ്റുകളില്‍ 547 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതുതലയില്‍ നടത്തിയ 348 ടെസ്റ്റുകളില്‍ 69 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയില്‍ നടത്തിയ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെയാണ് കണ്ടെത്തിയത്. നിലവില്‍ ഇവിടെ കണ്ടെയ്ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയില്‍ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

വാളയാർ ഡാം തുറന്നു.

നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് ഉയർന്നതിനാൽ വാളയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഒരു സെന്റീമീറ്റർ വീതം തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 200.86 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഡാം തുറക്കേണ്ട സാധ്യത ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

11000 ബെഡുകളോടെ ജില്ലയില്‍ 115 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം.

കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയില്‍ 115 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇവിടെ 11000 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 10000 ബെഡുകള്‍ കൂടി തയ്യാറാക്കും. നിലവില്‍ 2000 കിടക്കകള്‍ എല്ലാവിധ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസ്, പട്ടാമ്പി സംസ്‌കൃത കോളെജ് എന്നിവിടങ്ങളില്‍ പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരടക്കം 1032 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതില്‍ 322 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെ രണ്ടാഴ്ചക്കകം നിയമിക്കും. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ 26 വെന്റിലേറ്ററുകള്‍ സജ്ജമാണെന്നും മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

Programms

Videos

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പഞ്ചാരിമേളം, കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പഞ്ചാരിമേളം, കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .