മൗലികമായ കടമകളെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരാവണം : ഗവര്‍ണര്‍. പി.സദാശിവം

ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, കടമകളെക്കുറിച്ചും ഓരോ പൗരനും ബോധവാന്മാരാവണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ നടന്ന രക്തസാക്ഷ്യം 2019 പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഒരു പൗരന്റെ കടമകളെക്കുറിച്ച് ബോധമുണ്ടായാല്‍ പൊതുമുതലും പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടും. ഭരണഘടനയുടെ ആമുഖവും മൗലികാവകാശങ്ങളും അറിയുന്നവരാരും ഞാന്‍ ഗുജറാത്തിയാണ്, മലയാളിയാണ്, തമിഴനാണ് എന്ന് അവകാശപ്പെടില്ല, ഇന്ത്യക്കാരനാണെന്നേ പറയൂ എന്ന് ഗവര്‍ണര്‍ പറഞ്ഞു. അതിനാല്‍ ഭരണഘടനയും ആമുഖവും റോട്ടറി- ലയണ്‍സ് ക്ലബുകളോട് മലയാളത്തിലും ഇംഗ്ലീഷിലും അച്ചടിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് നവോത്ഥാന നായകരുടെ

പരിശ്രമം മൂലമാണ്. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് മാത്രമല്ല ജാതി, മതം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഭജന ശ്രമങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്യത്തിനാണ് ഗാന്ധിജി ശ്രമിച്ചത്. സംസ്‌ക്കാരമെന്നാല്‍ അഹിംസയും എല്ലാ മനസുകളുടെയും ഐക്യവുമാണ്. ഇത്തരത്തിലുള്ള ആശയങ്ങള്‍ ശക്തിപ്പെടുത്താന്‍ സാംസ്‌ക്കാരിക വകുപ്പ് നടത്തുന്ന പരിപാടികള്‍ അര്‍ത്ഥവത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗാന്ധിയന്‍ ചിന്തകള്‍ എല്ലാ ഇന്ത്യക്കാരുടെ മനസിലും മുഴങ്ങണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമാപനസമ്മേളനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായി. സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് , എം.ബി.രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, സംഘാടകസമിതി കണ്‍വീനര്‍ ടി.ആര്‍.അജയന്‍ എന്നിവര്‍ പങ്കെടുത്തു.