അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്നു : ബദല്‍ സംവിധാനമൊരുക്കുന്ന പ്രവര്‍ത്തികളിലേര്‍പ്പെട്ട് പൊതുമരാമത്ത് വകുപ്പ്.

ശക്തമായ കാലവർഷം. അട്ടപ്പാടി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. കഴിഞ്ഞ വർഷത്തെ മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ ഗതാഗതം സ്തംഭിച്ച് വൻതോതിൽ കുന്ന് ഇടിഞ്ഞിറങ്ങിയ ഒൻപതാം വളവിലാണ് ഇത്തവണയും മണ്ണ് ഒലിച്ചിറങ്ങുന്നത്. ദുരന്തങ്ങൾ ആരംഭിക്കാനൊരുങ്ങിയതോടെ ഉദ്യോഗസ്ഥരും രംഗത്തെത്തി. റോഡിന് തടസ്സമായി ഇടിഞ്ഞ മണ്ണ് നീക്കിയിട്ടുണ്ട്. ഇക്കൊല്ലം ഏറെ അപകടമായിട്ടുള്ളത് ചുരത്തിലെ ആറാം വളവാണ്. അരികു വശം താഴേക്ക് മണ്ണ് ഒലിച്ചിറങ്ങിയതോടെ ഈ ഭാഗം കൊക്കയായി മാറിയിരുന്നു. ഇക്കാര്യം നിരവധി തവണ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല. മഴ ശക്തമായതോടെ ഇവിടം അഗാത ഗർത്തമായി മാറി. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങളാരംഭിച്ചിട്ടുണ്ട്. ഇടതു വശത്ത് കാട് തെളിച്ച് വഴി വെട്ടിയാണ് പ്രശ്നത്തിന് പരിഹാരം

കാണുന്നത്. ഇതിന്റെ ഭാഗമായി അരികു വശത്തെ വൃക്ഷങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. മണ്ണുമാന്തി വാഹനമുപയോഗിച്ച് റോഡിന് വീതി കൂട്ടുന്നതോടെ മാത്രമേ ഇവിടം സുരക്ഷിത ഗതാഗതം സാധ്യമാവുകയുള്ളു. തുടർന്ന് തകർന്നടിഞ്ഞ വലതുവശത്ത് മണ്ണിട്ട് ഭിത്തി ഉയർത്തും. ഇതു പോലെ തൊട്ടു മുകളിലും അപകടകരമാവിധം മണ്ണിടിയുന്ന വളവുമുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളതായി പി.ഡബ്ല്യു.ഡി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ അറിയിച്ചു. രണ്ടു മാസങ്ങൾക്കുള്ളിൽ ഇതിന് ശാശ്വത പരിഹാരം കാണും. ചുരത്തിലെ പ്രവർത്തനങ്ങൾക്ക് കരാറുകാർ തയാറാകാത്തതാണ് പൊതുമരാമത്ത് വകുപ്പിന്റെ ഒരു പ്രതിസന്ധിയെന്ന് അവരറിയിച്ചു. ചിന്നത്തടാകം വരെ നീളുന്ന അട്ടപ്പാടി റോഡിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ എസ്റ്റിമേഷൻ വർക്കുകൾ പൂർത്തിയായതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.