അട്ടപ്പാടിയില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കും : ജില്ലാ കലക്ടര്‍

അട്ടപ്പാടിയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ ഒരാഴ്ചയ്ക്കകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് താല്ക്കാലികമായി നന്നാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് അട്ടപ്പാടിമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ചുരത്തില്‍ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന 12 മരങ്ങള്‍ മുറിച്ചുമാറ്റും. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന പാഴ്മരങ്ങള്‍ മുറിച്ചു കളയാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക അനുവദിക്കും. കാലാവസ്ഥ അനുകൂലമായി വരുന്നതിനാല്‍ 14.06.2018 ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

അട്ടപ്പാടി മേഖലയിലെ രണ്ട് ലക്ഷത്തോളം വാഴകളാണ് മഴയില്‍ നശിച്ചിരിക്കുന്നത്. മൂവായിരത്തോളം വാഴകള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ. അതിനാല്‍ മുഴുവന്‍ വാഴകള്‍ക്കും കാര്‍ഷിക കടാശ്വാസം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പ് വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിലേക്ക് ഉടന്‍ സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം സി.രാധാകൃഷ്ണന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, അഗളി, പുതൂര്‍,ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related