അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ ശക്തമാവുന്നു. ചുരത്തിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു.

അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ ശക്തമാവുന്നു. രണ്ടു ദിവസങ്ങളായി ഇടമുറിയാതെ തുടരുന്ന ശക്തമായ മഴയാണ് കാരണമായത്. അപകട മേഖലകളായ ഒൻപത്, പത്ത് വളവുകളിലാണ് മണ്ണിടിഞ്ഞ് റോഡിലേക്കിറങ്ങിയത്.ഇതിനെ തുടർന്ന് വൻ വൃക്ഷങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ചു. ഒൻപതാം വളവിൽ മലമുകളിൽ നിന്ന് മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേനാ, റവന്യൂ, പോലീസ്, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള തീവ്ര ശ്രമം ആരംഭിച്ചു. മണ്ണിടിച്ചിലിൽ

ഈ ഭാഗത്ത് അട്ടപ്പാടിയിലേക്കുള്ള റോഡിന്റെ വലതുവശം പൂർണ്ണമായും തകർന്നു. കുമിഞ്ഞു കൂടിയ മണ്ണ് ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് നീക്കിയത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ റോഡരികിൽ ഭീഷണിയായുള്ള മരങ്ങളും മുറിച്ചു മാറ്റി. താൽക്കാലികമായി ഈ ഭാഗത്ത് ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും വേരറ്റു നിൽക്കുന്ന വൃക്ഷങ്ങൾ ഇപ്പോഴും ചുരത്തിൽ ജീവൻ ഭീഷണി ഉയർത്തുന്നുണ്ട്. പത്താം വളവിലും മണ്ണിടിഞ്ഞ ഭാഗത്ത് പ്രവർത്തനങ്ങൾ നടത്തി. സുരക്ഷ മുൻ നിർത്തി ആന മൂളി ചെക് പോസ്റ്റ് മുതൽ ചുരത്തിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.