മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയ്ക്കനുവദിച്ച ആമ്പുലന്‍സ് എം.ബി രാജേഷ് എം.പി സമര്‍പ്പിച്ചു.

മണ്ണാർക്കാടിന്റെ ആരോഗ്യ സുരക്ഷക്കായി കർമ്മപദ്ധതികളൊരുക്കി ലോകസഭാംഗം എം.ബി.രാജേഷ്. താലൂക്ക് ആശുപത്രിയിൽ പുതിയ ആംബുലൻസ് നാടിനായി സമർപ്പിച്ചു. രാവിലെ 11 മണിയോടെയാണ് ആശുപത്രി പരിസരത്ത് ചടങ്ങിന് വേദിയൊരുങ്ങിയത്. എം.ബി.രാജേഷ് എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. തന്റെ ലോകസഭാ മണ്ഡലത്തിൽ വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യത്തിന്റെയും പുരോഗതിക്കാണ് മുൻതൂക്കമെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഷൊർണ്ണൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലകളിൽ പദ്ധതികൾ പൂർത്തീകരണത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

വികസനത്തിനായുള്ള തന്റെ ശ്രമത്തിന് നിരവധി പ്രതിരോധങ്ങൾ ഉടലെടുക്കുന്നതായും, അതിനാൽ ഏജൻസികളെ സമീപിക്കുന്നത് രഹസ്യമാക്കേണ്ട അവസ്ഥയാണുള്ളതെന്നും രാജേഷ് വ്യക്തമാക്കി. എം.പി.ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലേക്ക് ആധുനിക സജ്ജീകരണങ്ങളോടു കൂടി ആംബുലൻസ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ എം.കെ.സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ, യു.ടി.രാമകൃഷ്ണൻ, എം.ഉണ്ണീൻ, ജയരാജ്, ആശുപത്രി സൂപ്രണ്ട് എൻ.എൻ.പമീലി തുടങ്ങിയവർ പങ്കെടുത്തു.

Related