അട്ടപ്പാടി ചുരം. പതിവു ദുരന്തങ്ങൾക്കായി വഴിയൊരുക്കി കർമ്മ പദ്ധതികൾ ഇഴയുന്നു.

അട്ടപ്പാടി ചുരം. പതിവു ദുരന്തങ്ങൾക്കായി വഴിയൊരുക്കി കർമ്മ പദ്ധതികൾ ഇഴയുന്നു. സ്ഥിരം അപകട മേഖലകളിൽ മണ്ണിടിച്ചിലും, ഉരുൾപൊട്ടലും പൂർവാധികം ശക്തിയോടെ തുടരുമ്പോഴും ചുരത്തിന്റെ സുരക്ഷക്കായി ആവിഷ്ക്കരിച്ച പദ്ധതികൾ ചുവപ്പു നാടകളിൽ കുടുങ്ങുകയാണ്. മണ്ണാർക്കാട് മുതൽ ചിന്നത്തടാകം വരെയുള്ള റോഡ് വികസനത്തിൽ ചുരത്തിന്റെ പഴുതടച്ചുള്ള സുരക്ഷാ നിർമ്മാണങ്ങൾക്കാണ് മുൻതൂക്കമുള്ളത്. 80 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ പ്രാരംഭ ഘട്ടങ്ങൾ പോലും പൂർത്തീകരിച്ചിട്ടില്ലെന്നുള്ളത് വകുപ്പുദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ കെടു കാര്യസ്ഥത വ്യക്തമാക്കുന്നു. ഇതിനിടെ കഴിഞ്ഞ വർഷക്കാലത്തെ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് ദിവസങ്ങളോളമാണ് അട്ടപ്പാടിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. അഗ്നിശമന സേനയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭഗീരഥ പ്രയത്നം കൊണ്ടാണ് ഇവിടെ ഗതാഗതം പുന:സ്ഥാപിച്ചത്. കോടി ക്കണക്കിന് രൂപയാണ് ഇതിലൂടെ ഖജനാവിന്

നഷ്ടമായത്. തുടർന്ന് ഈ വർഷം മഴ ശക്തമായതോടെ ചുരത്തിൽ പുതിയ അപകട മേഖലകൾ തെളിയുന്നു. ഇതിന് പരിഹാരമെന്നോണം ചെറു പദ്ധതികളിലൂടെ ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന അവസ്ഥയാണ് തുടരുന്നത്. അപകടഘട്ടങ്ങളിൽ പാഞ്ഞടുക്കുന്ന അഗ്നിശമന സേനയാണ് ഏക ആശ്വാസം. ചുരത്തിന്റെ വലതു വശം അപകട മേഖലകളിൽ ഏറെക്കുറെ പൂർണ്ണമായും തകർന്നടിഞ്ഞിട്ടുണ്ട്. ഇതിനായി പൊതു മരാമത്ത് വകുപ്പ് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. റോഡിലേക്ക് പതിക്കാനായി കടപുഴകി നിൽക്കുന്ന മരങ്ങളാണ് ജീവൻ ഭീഷണി ഉയർത്തുന്ന മറ്റൊരു പ്രശ്നം. എന്നാൽ ഇതിൽ വനം വകുപ്പിന്റെ മർക്കടമുഷ്ടി കുറച്ചൊന്നുമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആജ്ഞാനുവർത്തികളായ കീഴുദ്യോഗസ്ഥരുടെ ആത്മാർത്ഥതയ്ക്കൊപ്പം കാര്യനിർവഹണാധികാരമുള്ള ഉന്നതവൃന്ദം അൽപ്പമെങ്കിലും കണ്ണു തുറന്നാൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാവുകയുള്ളു.

Related