മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്.

സഹകരണ മേഖലയിലെ ജൈത്രയാത്രയിൽ പുരസ്ക്കാരങ്ങളുടെ നീണ്ട നിര സൃഷ്ടിക്കുകയാണ് മണ്ണാർക്കാട് റൂറൽ ബാങ്ക്. മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം റൂറൽ ബാങ്കിനെ തേടിയെത്തി. സംസ്ഥാനത്തെ 1602 പ്രാഥമിക സഹകരണ ബാങ്കുകളുടെ 2016-17 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയതിൽ റൂറൽ ബാങ്കിനാണ് പ്രഥമസ്ഥാനം ലഭിച്ചത്. നിക്ഷേപം, വായ്പ, ബാങ്കിംഗ് സേവനങ്ങൾ, ബാങ്കിoഗ് ഇതര സേവനങ്ങൾ തുടങ്ങി സമസ്ത മേഖലകളിലെയും മികവുറ്റ മാതൃക പ്രവർത്തനങ്ങളാണ് റൂറൽ

ബാങ്കിനെ അവാർഡിന് അർഹമാക്കിയത്. സംസ്ഥാന തലത്തിലുള്ള ബാങ്കുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള സർക്കാരിന്റെ ആദ്യ പുരസ്ക്കരം നേടിയെന്ന ബഹുമതിയും ഇതോടെ റൂറൽ ബാങ്കിന് സ്വന്തമായി. ജൂലൈ 13 വെള്ളിയാഴ്ച തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്ന് ബാങ്ക് പുരസ്ക്കാരം ഏറ്റുവാങ്ങും. ഇത് ബാങ്കിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനമാണെന്ന് സെക്രട്ടറി എം.പുരുഷോത്തമൻ അറിയിച്ചു.