ചികിത്സാ സഹായം തേടുന്ന കാവുണ്ട സ്വദേശി റിംഷാദിന് മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ അരലക്ഷം രൂപ കൈമാറി.

കാൽപന്തുകളിയുടെ ആവേശ തിരകളിലൂടെ കാരുണ്യ വർഷം ചൊരിഞ്ഞ് മണ്ണാർക്കാട് ഫൂട്ട് ബോൾ അസോസിയേഷൻ. ഇരു വൃക്കകളും തകരാറിലായ വിദ്യാർത്ഥിക്ക് സഹായമെത്തിച്ചു. അര ലക്ഷത്തിലധികം രൂപയാണ് കാവുണ്ട സ്വദേശി റിംഷാദിന്റെ ചികിത്സക്കായി അസോസിയേഷൻ അംഗങ്ങൾ നൽകിയത്. കരിമ്പുഴ പഞ്ചായത്തിലെ കാവുണ്ട സ്വദേശികളായ സെയ്ത് മുഹമ്മദ് സുലൈഖ ദമ്പതികളുടെ പുത്രനായ എസ് എസ് എൽ സി വിദ്യാർത്ഥി റിംഷാദ് പരീക്ഷയെഴുതുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് ഇരു വൃക്കകളും പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. ഇത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ ശ്രദ്ധയിൽപെട്ട മണ്ണാർക്കാട് ഫൂട്ട് ബോൾ അസോസിയേഷന്റെ അമരക്കാരായ ചെറൂട്ടി മുഹമ്മദ്, ഫിറോസ് ബാബു എന്നിവരുടെ സഹായഹസ്തങ്ങൾ നീളുകയായിരുന്നു. മൽസരത്തിന്റെ

ആവേശത്തിനപ്പുറം, നിസ്സഹായ സമൂഹത്തിന്റെ കാരുണ്യ ദൗത്യമേറ്റെടുത്ത അസോസിയേഷൻ അംഗങ്ങൾക്കും മറിച്ച് ചിന്തിക്കാനുണ്ടായില്ല. തീരുമാനമെടുത്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് റിംഷാദിന്റെ ചികിത്സക്കായുള്ള പണം സ്വരൂപിച്ചത്. വർഷങ്ങളായി മണ്ണാർക്കാടിന്റെ കാരുണ്യ പ്രതീകമായി നില കൊള്ളുന്ന ഫൂട്ട് ബോൾ അസോസിയേഷനെ സംബന്ധിച്ച് ഇത് ദിനചര്യയെങ്കിലും, ഇരുളടഞ്ഞേക്കാവുന്ന ഒരു ചെറു ബാല്യത്തിന് പുതു ജീവൻ നൽകുന്ന മഹത് കർമ്മമാണ് നിർവ്വഹിക്കപ്പെട്ടത്. അസോസിയേഷന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ് തുക സഹായ സമിതി കൺവീനർ ഹംസ കാവുണ്ടക്ക് നൽകി. എം.എഫ്.എ.ജനറൽ സെക്രട്ടറി ഫിറോസ് ബാബു, മുഹമ്മദ്, റഫീക്ക്, ഷിഹാബ് കുന്നത്ത്, പി.ഖാലിദ്, ബഷീർ കുറുവണ്ണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related