മണ്ണാർക്കാട് മൃഗാശുപത്രിയിൽ രാത്രി കാല മൃഗചികിത്സ പദ്ധതിക്ക് തുടക്കം കുറിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള രാത്രി കാല മൃഗചികിത്സ പദ്ധതിക്ക് മണ്ണാർക്കാട് മൃഗാശുപത്രിയിൽ തുടക്കം കുറിച്ചു. ഉച്ചക്ക് നടന്ന ചടങ്ങിൽ എം.എൽ.എ. എൻ.ഷംസുദീൻ പദ്ധതി പ്രഖ്യാപനം നടത്തി. മണ്ണാർക്കാട് താലൂക്ക് വെറ്ററിനറി കോംപ്ലക്സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തിലാണ് രാത്രികാല അടിയന്തിര മൃഗചികിൽസ സേവന പദ്ധതിക്ക് മണ്ണാർക്കാട് തുടക്കമിട്ടത്. മനുഷ്യനെ പോലെ തന്നെ മിണ്ടാപ്രാണികളുടെയും ആരോഗ്യ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപന വേളയിൽ എം.എൽ.എ അഭിപ്രായപ്പെട്ടു. വിഷമയമായ ഭക്ഷ്യവസ്തുക്കൾ പെരുകുന്ന സാഹചര്യത്തിൽ മൃഗപരിചരണത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം

പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച മുതൽ മൃഗാശുപത്രിയിൽ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ അടിയന്തിര രാത്രി സേവനം ആരംഭിച്ചു. ഇതിനായി ഒരു താൽക്കാലിക വെറ്ററിനറി സർജനേയും, അറ്റന്ററേയും നിയമിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ ചെന്ന് ചികിത്സ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.കെ.സുബൈദ മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ സി.അച്ചുതൻ, സീമ കൊങ്ങശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി.മൊയ്തു, വി.പ്രീത തുടങ്ങിയവർ പങ്കെടുത്തു

Related