കാഞ്ഞിരപ്പുഴ ഡാമിന്റെ നവീകരണം : ഡാം സേഫ്റ്റി കമ്മീഷൻ ചെയർമാൻ സ്ഥലം സന്ദർശിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ നവീകരണം. ഡാം സേഫ്റ്റി കമ്മീഷൻ ചെയർമാൻ സ്ഥലം സന്ദർശിച്ചു. ഉച്ചക്ക് രണ്ടര മണിയോടെയാണ് ജസ്റ്റിസ് രാമചന്ദ്രൻ ഡാമിൽ സന്ദർശനം നടത്തിയത്. പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായ സാഹചര്യത്തിലാണ് ചെയർമാൻ പരിശോധനക്കെത്തിയത്. ശക്തമായ മഴ പ്രതിരോധം സൃഷ്ടിച്ചെങ്കിലും അൽപസമയത്തിനകം അദ്ദേഹം പരിശോധന ആരംഭിച്ചു. ഡാമിന്റെ മുകൾഭാഗത്തെ അറ്റകുറ്റ പണികളാണ് ആദ്യം വിലയിരുത്തിയത്. ഇറിഗേഷൻ പദ്ധതി എഞ്ചിനീയർ മജീദ് അദ്ദേഹത്ത് പ്രവർത്തന പുരോഗതി വിശദീകരിച്ചു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടന്നതായും, പണിയിൽ വ്യാപകമായി അപാകതയുണ്ടെന്നും പഞ്ചായത്തംഗം റഫീഖ് ഉൾപ്പെടെ കമ്മീഷനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എഞ്ചിനീയറുമായി വാക്കുതർക്കത്തിനിടയാക്കി. തുടർന്ന് ഷട്ടറുകളുടെ

ഭാഗത്തും, ഉൾ സ്ഥലങ്ങളിലും വിശദ പരിശോധനക്കായി നീങ്ങി. അകവശങ്ങളിലെ വ്യാപകമായ ചോർച്ചയാണ് പ്രധാനമായും നിരീക്ഷിച്ചത്. ഡാമിന്റെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ തൃപ്തിയുള്ളതായി ജസ്റ്റിസ് രാമചന്ദ്രൻ തുടർന്ന് മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമായും ചോർച്ചയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് കമ്മീഷന് മറുപടി പറയാൻ കഴിഞ്ഞില്ല. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് രത്നാവതി, രാഷ്ട്രീയ പ്രതിനിധികളായ പി.മണികണ്ഠൻ, കെ.എ. വിശ്വനാഥൻ, ടി.കെ.സുബ്രമണ്യൻ, നിസാർ മുഹമ്മദ്, ഇറിഗേഷൻ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചെയർമാനൊപ്പമുണ്ടായിരുന്നു.