മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണാര്‍ക്കാട് നിന്നും മുപ്പത്തി ആറരലക്ഷം രൂപ കൈമാറി.

കേരളത്തിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ കൈകൾക്ക് ശക്തി പകർന്ന് മണ്ണാർക്കാട് . ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ വ്യാഴാഴ്ച നൽകി. മന്ത്രി ഏ.കെ.ബാലൻ തുകകൾ ഏറ്റുവാങ്ങി. വൈകിട്ട് 3 മണിക്കാണ് താലൂക്ക് ഓഫീസിൽ വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്. കൃത്യ സമയത്ത് തന്നെ മന്ത്രി വേദിയിലെത്തി. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയായിരിക്കും ദുരിത പ്രദേശങ്ങളുടെ പുനർ സൃഷ്ടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിതബാധിതരുടെ സമാശ്വാസത്തിൽ മലയാളി മനസ്സിന്റെ ഒരുമ അഭിനന്ദനാർഹമാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണാർക്കാടിന്റെ സംഭാവനകൾ സ്വീകരിച്ചു. താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരവധി ജനങ്ങളാണ് സഹായ ഹസ്തവുമായി താലൂക്ക് ഓഫീസിലെത്തിയത്. മണ്ണാർക്കാട്

താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാരുടെയും, ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി പൊതു ജനങ്ങളിൽ നിന്ന് സമാഹരിച്ചത് മുപ്പത്തി ആറര ലക്ഷമാണ്. വേദിയിൽ ഏറ്റവും ശ്രദ്ധേയമായത് അലനല്ലൂർ 3 വില്ലേജ് എടത്തനാട്ടുകര പി.കെ.എച്ച്. എം.യു.പി. സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വിജയ് യുടെ സംഭാവനയാണ്. തന്റെ സ്വപ്നമായ സൈക്കിൾ വാങ്ങുന്നതിനായി കുടുക്കയിൽ നാണയത്തുട്ടുകളായി സമാഹരിച്ച 1980/- രൂപയാണ് ദുരിത ബാധിതർക്കായി വിജയ് നൽകിയത്. കുന്തിപ്പുഴ സ്വദേശി കണ്ണം തൊടി ഷൗക്കത്തലി പേരിലുള്ള തെങ്കരയിലെ 8 സെന്റ് സ്ഥലം ഭവനരഹിതർക്ക് ഗൃഹനിർമ്മാണത്തിനായി നൽകിയാണ് നാടിന് മാതൃകയായത്. പൊറ്റശ്ശേരി സ്ക്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ഇരുപതിനായിരം രൂപയാണ് ആശ്വാസ നിധിയിലേക്ക് നൽകിയത്.