ഹർത്താലിന്റെ മറവിൽ മണ്ണാർക്കാട് കെ എസ് ആർ ടി സി ബസിനെതിരെ അക്രമം : 2 ബസ്സുകളുടെ ചില്ലുകള്‍ തകര്‍ന്നു.

ഹർത്താലിന്റെ മറവിൽ മണ്ണാർക്കാട് കെ എസ് ആർ ടി സി ബസിനെതിരെ അക്രമം. മുൻവശത്തെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു. ബുധനാഴ്ച രാത്രി 12 മണിയോടു കൂടിയാണ് സംഭവം. ഒന്നിടവിട്ട് രണ്ട് ബസുകൾക്കെതിരെയാന്ന് ആസൂത്രിതമായ അക്രമം നടത്തിയത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് സഞ്ചരിച്ച ടൗൺ ടു ടൗൺ ബസിന് നൊട്ടമ്മലക്ക് സമീപത്ത് വച്ചാണ് ഏറ് കൊണ്ടത്. ബസ് കൈകാണിച്ച് നിർത്താനാവശ്യപ്പെട്ട അക്രമികളിലൊരാൾ ബസിന്റെ

വേഗം കുറഞ്ഞതോടെ ഡ്രൈവറുടെ നേരെ കല്ല് ആഞ്ഞെറിഞ്ഞു. തുടർന്ന് സഹായിക്കൊപ്പം ബൈക്കിൽ രക്ഷപ്പെട്ടതായി ഡ്രൈവർ വിശദീകരിച്ചു. ഏറിന്റെ ശക്തിയിൽ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. തലനാരിഴക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. പാലക്കയം - കോട്ടയം സൂപ്പർഫാസ്റ്റിനെതിരെ കാഞ്ഞിരത്ത് വച്ചാണ് അക്രമമുണ്ടായത്. പാലക്കയത്ത് നിന്ന് മണ്ണാർക്കാട് ഡിപ്പോയിലേക്കുള്ള വഴിമധ്യേ പിൻവശത്തെ ചില്ലിലേക്കാണ് അക്രമികൾ കല്ലെറിഞ്ഞത് . സംഭവത്തെ തുടർന്ന് സി.ഐ.ടി.പി.ഫർഷാദിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തു.