യുവകലാ സാഹിതി സാംസ്ക്കാരിക സദസ്സ് 19ന്. ആലങ്കോട് ലീലകൃഷ്ണൻ പങ്കെടുക്കും

കല്ലടിക്കോട് : കലയുടെയും പ്രകൃതിയുടെയും കാവലാളാവാന്‍ മുന്നിട്ടിറങ്ങി യുവകലാസാഹിതി കരിമ്പ ഘടകം വ്യത്യസ്ത കർമപരിപാടികൾ ആസൂത്രണം ചെയ്തു. ഇടക്കുർശി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 19 ന് വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സദസ്സ് പ്രമുഖ കവിയും യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന ട്രഷറർ ടി.യു. ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു. 1975 മാര്‍ച്ച് മധ്യവാരം കായംകുളത്ത് നടന്ന കെപിഎസിയുടെ രജതജൂബിലി ആഘോഷവേളയിലാണ് പുരോഗമനസാഹിത്യത്തിന്‍റെയും കലയുടെയും പരിപോഷണത്തിനായി

‘യുവകലാസാഹിതി’യെന്ന കലാസാംസ്‌കാരിക പ്രസ്ഥാനം രൂപീകൃതമായത്. കഥ, കവിത, നാടകം, നോവല്‍, നിരൂപണം, ചരിത്രം, വിവര്‍ത്തനം, പത്രപ്രവര്‍ത്തനം, ചിത്രകല, നാടന്‍ കല, പരിസ്ഥിതി തുടങ്ങിയ ക്യാമ്പുകളില്‍ നിന്ന് നിരവധി ശ്രദ്ധേയരായ പ്രതിഭകളെ മലയാളത്തിന്റെ അഭിമാനങ്ങളാക്കാന്‍ യുവകാലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്.കലയെ ആയുധമാക്കുക. സാമൂഹ്യ നവീകരണമാണ് കലയുടെ ലക്ഷ്യം. ഉദ്ഘാടകൻ പറഞ്ഞു. സമദ് കല്ലടിക്കോട് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം റഷീദ് കുമരംപുത്തൂർ, കെ.വി.ജയപ്രകാശ്, മേഖല പ്രസിഡന്റ് നീലാംബരൻ, നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് വർഗീസ്(പ്രസി),കെ.വി.ജയപ്രകാശ് (സെക്ര),സമദ് കല്ലടിക്കോട്(വൈസ് പ്രസിഡന്റ്),രഞ്ജിത്ത് (ജോ.സെക്രട്ടറി)എന്നിവരെ പുതിയ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.