മണ്ണാർക്കാട് പൂരത്തിന് തുടക്കം : വാദ്യ പ്രവീണ പുരസ്കാരം തിമില വിദ്വാൻ കുനിശ്ശേരി അനിയൻമാരാർക്ക് സമര്‍പ്പിച്ചു.

നാടിന്റെ ദേശീയോത്സവമായ മണ്ണാർക്കാട് പൂരത്തിന് ആവേശകരമായ തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ പ്രാരംഭ ഘടകമായ വാദ്യ പ്രവീണ പുരസ്കാര സമർപ്പണ ചടങ്ങ് പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. വൈകിട്ട് ദീപാരാധനക്ക് ശേഷമാണ് നിരവധി പരിപാടികളുടെ സമന്വയത്തോടെ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക പുരസ്ക്കാര സമർപ്പണം നടന്നത്. നിറ വേദിയുടെയും, സദസ്സിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് എം.എൽ.എ. എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ഉത്സവത്തിനപ്പുറം വിവര സാങ്കേതികതയിൽ ലോകത്തെമ്പാടുമുള്ള മണ്ണാർക്കാട്ടുകാരുടെ അന്തർദേശീയ പൂരമായി മണ്ണാർക്കാട് പൂരം മാറിയെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. പൈതൃക സമ്പത്തിന്റെ പുരോഗതിയും, നാടിന്റെ ഐക്യവുമാണ് പൂരങ്ങളിലൂടെ പ്രാവർത്തികമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതത്തിന്റെ പ്രതിരോധത്തിനായുള്ള മാനവ കൂട്ടായ്മയുടെ രൂപീകരണത്തിലും മണ്ണാർക്കാട് പൂരത്തിന് പ്രധാന പങ്കുള്ളതായി ഷംസുദ്ദീൻ പറഞ്ഞു. പ്രശസ്ത

തിമില വിദ്വാൻ കുനിശ്ശേരി അനിയൻ മാരാർ ആണ് ഇത്തവണത്തെ പുരസ്കാരത്തിന് അർഹനായത്. പൂരാഘോഷ കമ്മിറ്റി മുൻ പ്രസിഡണ്ട് കൊറ്റിയോട് ബാലകൃഷ്ണ പണിക്കരുടെ സ്മരണാർത്ഥം മകൻ ഡോ.എ.പി.രാധാകൃഷ്ണൻ ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. പ്രശസ്ത ചലചിത്ര സംവിധായകൻ ജയരാജ് പുരസ്ക്കാരം നൽകി. തുടർന്ന് മണ്ണാർക്കാട് പൂരത്തിന്റെ ആൽബം പ്രകാശനവും, അണിയറ ശിൽപികളെ ആദരിക്കൽ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ആദിവാസി മൂപ്പൻ റൂണി മൂപ്പൻ ,കെ.സേതുമാധവ കുറുപ്പ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.കുമാരൻ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ എം.കെ.സുബൈദ, വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ, കൗൺസിലർ എം.കെ.സുജാത ,മലബാർ ദേവസ്വം ബോർഡ് അംഗം ടി.കെ.സുബ്രഹ്മണ്യൻ, ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി കെ.ബാലചന്ദ്രനുണ്ണി, പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി.സച്ചിദാനന്ദൻ, എം.പുരുഷോത്തമൻ ,പി.ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Related