കടുത്ത ചൂട് : വിഷു വിപണി പിറകോട്ടടിച്ചതായി വ്യാപാരികള്‍.

വീണ്ടുമൊരു വിഷു ആഘോഷത്തിനായി മണ്ണാർക്കാട് വിപണികളൊരുങ്ങി. വിഷുക്കണിയൊരുക്കുന്ന തിനായി കണിക്കൊന്നയും, പഴവർഗ്ഗങ്ങളുമെല്ലാം പച്ചക്കറി ചന്തയിൽ നിറഞ്ഞു. കണിക്കായുള്ള പ്രധാന വിഭവങ്ങളായ വെള്ളരിക്ക, മുന്തിരി ഓറഞ്ച്, ആപ്പിൾ തുടങ്ങി പഴങ്ങളും, പച്ചക്കറികളും വിപണിയിൽ സുലഭമായി. എന്നാൽ ജനങ്ങളുടെ ഒഴുക്ക് തീരെ കുറയുന്നത് വ്യാപാരികളിൽ അതീവ ആശങ്കയാണ് ഉയർത്തുന്നത്. കത്തി ജ്വലിക്കുന്ന വേനലാണ് പ്രധാന പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഇവർ പറയുന്നു. രൂക്ഷമായ സാമ്പത്തിക മാന്ദ്യവും വിപണികളിൽ സാരമായി പ്രതിഫലിച്ചതായി

വ്യാപാരികൾ വിലയിരുത്തുന്നു. അസഹനീയമായ ചൂട് മൂലം ജനങ്ങൾ വീടുവിട്ടിറങ്ങാത്തത് പടക്ക വ്യാപരത്തേയും സാരമായി ബാധിച്ചു. വിഷു തലേന്ന് മാത്രമാണ് ചെറിയ തോതിലെങ്കിലും കച്ചവടം നടക്കുന്നതെന്ന് പടക്ക വ്യാപാരികൾ പറഞ്ഞു. പഴകച്ചവടക്കാരുടെ അഭിപ്രായവും മറിച്ചല്ല. മുൻ വർഷത്തെ അപേക്ഷിച്ച് വ്യാപാരം മോശമാണെന്ന് ഇവരും പറയുന്നു. കൊടുംവേനൽ ആഘോഷങ്ങളുടെ ആവേശത്തിനും വിനയായി മാറുകയാണ്. എങ്കിലും ഒരാണ്ടിന്റെ ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കുമായി വിഷു ഉള്ളത് പോലെ കൊണ്ടാടുകയാണ് മലയാളി.

Related