യു.ഡി.എഫ് ആഹ്‌ളാദ പ്രകടനത്തിനിടെ എം.ബി രാജേഷിന്റെ തറവാട് വീടിന് നേരെ പടക്കമെറിഞ്ഞ് അതിക്രമം : നാല് പേര്‍ക്കെതിരെ കേസ്.

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ എം ബി രാജേഷിന്റെ കയില്യാട്ടെ തറവാട്ടു വീടിനു നേരെ പടക്കമെറിഞ്ഞ് അതിക്രമം നടത്തിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തു. ചളവറ കയില്യാട് മാമ്പറ്റ വീടിനു നേരെയാണ് ഇന്നലെ രാത്രിയില്‍ യു.ഡി.എഫ്‌ ആഹ്ലാദ പ്രകടനത്തിനിടെ ചില പ്രവര്‍ത്തകര്‍ പടക്കം കത്തിച്ചെറിഞ്ഞത്. വീട്ടില്‍ രാജേഷിന്റെ വൃദ്ധരായ മാതാപിതാക്കളായ ബാലകൃഷ്ണന്‍ നായരും രമണിയുമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന

ഇവരുടെ നേര്‍ക്കും ആഭാസകരമായ മുദ്രാവാക്യമുയര്‍ത്തി. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയവരെ പറഞ്ഞയച്ചത്. വ്യാഴാഴ്ചയും ഇത്തരത്തില്‍ ആഹ്ലാദപ്രകടനത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞിരുന്നതായി ബാലകൃഷ്ണന്‍ നായര്‍ പറയുന്നു. പൊട്ടാത്ത മൂന്നു ഗുണ്ടുകള്‍ വീട്ടുമുറ്റത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ബാലകൃഷ്ണന്‍ നായര്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍കൂടിയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ഇ വിനോദ്കുമാര്‍ പറഞ്ഞു.

Related