വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഷമീനയുടേയും രണ്ട് പെണ്‍മക്കളുടേയും ഈ പെരുന്നാള്‍ ആഘോഷം മുസ്‌ലിംലീഗ് നിര്‍മ്മിച്ച് നല്‍കിയ ബൈത്തുറഹ്മയില്‍.

കയറിക്കിടക്കാൻ കൂരയില്ലാതെ രണ്ടു പെണ്മക്കളുമായി വാടക വീട്ടിൽ കഴിഞ്ഞ യുവതിക്കും കുടുംബത്തിനും നാട്ടുകാർ ഒരുമിച്ചപ്പോൾ റംസാൻ പുണ്യമായി പൂവണിഞ്ഞത്  സ്വന്തമായൊരു വീട്.  ഏറെ ക്ലേശങ്ങൾ സഹിച്ച് വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞ ഷമീനക്കും രണ്ടു പെൺമക്കൾക്കും ഇനി പുതിയ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാം.  മുസ്‌ലിം ലീഗ് കല്ലടിക്കോട് മാപ്പിളസ്‌കൂൾ യൂണിറ്റാണ് അന്തരിച്ച ശിഹാബ് തങ്ങളുടെ പേരിൽ  ഈ കുടുംബത്തിന്  ബൈത്തു റഹ്‌മ നിർമിച്ച് നൽകിയത്. 720 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ 12ലക്ഷം രൂപ ചെലവിൽ എല്ലാവിധ സൗകര്യത്തോടെയുമുള്ള മനോഹരമായ ഈ

വീട് പണിതു കൊടുക്കാൻ കഠിനാധ്യാനമാണ്‌ പ്രാദേശിക ലീഗ് പ്രവർത്തകർ നടത്തിയത്. വീടിന്റെ അയൽപക്കത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ്  ചർച്ചും നിർമാണ പ്രവർത്തനവുമായി പൂർണ്ണമായും സഹകരിച്ചു. ഒരു സാധു കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് നിറവേറിയതെന്നും ഇതൊരു മാതൃകാ പ്രവർത്തനനമാണെന്നും സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.തോമസ് ജോൺ തടത്തിൽ, തുപ്പനാട് മഹല്ല് ഖാസി ഷറഫുദ്ദീൻ അൻവരി എന്നിവർ പറഞ്ഞു. ലോക്ക് ഡൗൺ കാരണത്താൽ ലളിതമായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. യൂണിറ്റ് പ്രസിഡന്റ് എം.എ.റഷീദ്,സെക്രട്ടറി ഷംസുദ്ദീൻ, അസ്‌കർ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related