അമ്പലപ്പാറയിൽ ചെരിഞ്ഞ കാട്ടാന ഒരു മാസം ഗർഭിണിയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയാണ് വായിൽ മുറിവേറ്റതെന്നും കണ്ടെത്തി.

വായിൽ വ്രണവുമായി തിരുവിഴാംകുന്ന് അമ്പലപ്പാറയിലെത്തി ചരിഞ്ഞ കാട്ടാന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിലേറ്റ മുറിവ് പടക്കം പൊട്ടിയാണെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. പ്രദേശത്തെ പൈനാപ്പിൾ തോട്ടങ്ങളുടെ സമീപത്താണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂടുതൽ അവശയായതോടെ ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള പുഴയിലിറങ്ങി. ആനകൾ പന്നികളും പൈനാപ്പിൾ തോട്ടങ്ങളിൽ പ്രവേശിക്കാതിരിക്കാൻ പൈനാപ്പിളിൽ പടക്കം വച്ചൊരുക്കിയ കെണിയാണ് കാട്ടാനയുടെ ജീവനെടുത്തത്. പൈനാപ്പിൾ കടിക്കുന്നതോടെ വായിലിരുന്ന് പടക്കം

പൊട്ടുന്ന വിധമാണ് കെണിയൊരുക്കുന്നത്. പടക്കം പൊട്ടിയതിന്റെ തീവ്രതയിൽ നാവിലും വായയിലും ഗുരുതരമായി മുറിവേറ്റു. ഇത് പഴുത്തതോടെ തീറ്റയെടുക്കാൻ കഴിയാതെയായി. മുറിവിൽ ഈച്ചകളും പുഴുക്കളും വന്നു തുടങ്ങിയതോടെ ആന പുഴയിലിറങ്ങി വായയും തുമ്പികയ്യും വെള്ളിത്തിൽ താഴ്ത്തി നിൽക്കുകയായിരുന്നു. ഇതിനിടെ ശ്വാസ കോശത്തിൽ വെള്ളം കയറിയതാണ് മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മണ്ണാർക്കാട് റേഞ്ച് ഓഫിസർ യു.ആഷിഖലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ പൈനാപ്പിൾ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.