കോവിഡ് 19 : ആശ്വസിക്കാനായിട്ടില്ല. കൈവിട്ടാല്‍ കളി കാര്യമാകും.

സംസ്ഥാനത്ത് കോവിഡ് വർധന നിരക്ക് ഉയരുന്ന സാഹചര്യം ശക്തമായ ജാഗ്രത നിർദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. കൊറോണ വ്യാപനം ലോകമാകെ അലയടിച്ച സാഹചര്യത്തിൽ മാർച്ച്‌ 24ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിലൂടെയാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കേരളവും കടന്നത്. രാജ്യവ്യാപകമായി വൈറസ് വ്യാപന നിരക്ക് ഉയർന്നപ്പോഴും കേരളത്തിന്റെ പ്രബുദ്ധ വ്യവസ്ഥിതി ഇതിനെ ആത്മവിശ്വാസത്തോട് കൂടി നേരിട്ടു. അതിന്റെ ഫലമായി സംസ്ഥാനത്തെ കോവിഡ് നിരക്ക് പൂജ്യം വരെ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ ലോക്ക് ഡൗൺ ഇളവുകളുടെ സാഹചര്യത്തിലും, ഇതര രാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ തിരിച്ചു വരവും നിയന്ത്രണാധീനമായിരുന്ന നിരക്ക് സ്വാഭാവികമായി ഉയർത്തി. ഇതിന്റെ പ്രതിഫലനം മണ്ണാർക്കാടിനും വ്യക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ലോക്ക്ഡൗണിന്റെ കർശന നിയന്ത്രണങ്ങൾ അയഞ്ഞ ആലസ്യത്തിലാണ് പലരും മാസങ്ങളായി ജീവചര്യയുടെ ഭാഗമാക്കിയിരുന്ന കോവിഡ് പ്രതിരോധ രീതികളിൽ അശ്രദ്ധരാവുന്നത്. മണ്ണാർക്കാട് നഗരസഭ, കുമരംപുത്തൂർ പഞ്ചായത്തുകളിലായി മെയ്‌ 31 വരെയുള്ള കണക്കനുസരിച്ച് 514 പേരാണ് പുറത്ത് നിന്ന് മടങ്ങി വന്നത്. ഇതിൽ 214 പേർ ഇതര രാജ്യങ്ങളിൽ നിന്നും, 184 പേർ സംസ്ഥാനങ്ങളിൽ നിന്നും, 116 പേർ ഇതര ജില്ലകളിൽ നിന്നുമാണ്. പല ദിവസങ്ങളിലായി നാട്ടിലെത്തിയ ദിനം മുതൽ ക്വാറന്റൈനിൽ പ്രവേശിച്ച ഇവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 56 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇതേ സമയം ഇവർ സ്വന്തം വീടുകളിൽ ക്വാറന്റൈനിലുള്ളത് സമീപ വാസികൾക്ക് ഏറെ ആശങ്കയുണ്ടാകുന്നു. എംഎൽഎ

എൻ. ഷംസുദീന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ ക്വാറന്റൈൻ സെന്ററുകൾ വാക്കാൽ വിന്യസിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഇതര ദേശങ്ങളിൽ നിന്നുള്ള ജനങ്ങളുടെ ഒഴുക്ക് വന്നെത്തുന്നത് വീടുകളിലേക്ക് തന്നെ. ഇത് വ്യാപനത്തിന്റെ ശക്തമായ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരാകുർശ്ശി ഉൾപ്പെടെ മണ്ണാർക്കാട് താലൂക് ആശുപത്രിയിൽ നിന്ന് സ്വാബുകൾ അയച്ചതിൽ ഇത് വരെ 12 കോവിഡാണ് സ്ഥിരീകരിച്ചത്. കർശന നിയന്ത്രണങ്ങളുടെ അയവിന്റെ ദുരുപയോഗം കൂടുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നാളിതുവരെ 1500ലധികം സ്വബുകളാണ് പരിശോധനക്കയച്ചിട്ടുള്ളത്. ദിനംപ്രതി ശരാശരി 40എണ്ണം ശേഖരിക്കുന്നതിൽ നിരവധി പേരുടെ ഫലം ഇനിയും അറിയാനുണ്ട്. നിലവിൽ 34 പേരാണ് കോവിഡ് കെയർ സെന്റർ ആയ എമറാൾഡ് റെസിഡൻസിയിൽ നിരീക്ഷണത്തിലുള്ളത്. ലോക്ക് ഡൗൺ കാലയളവിൽ മണ്ണാർക്കാട് സ്റ്റേഷനിൽ സാമൂഹിക അകലം ലംഘിച്ചതിന് 384 കേസ് ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെ പൊതുജനങ്ങൾ ജാഗരൂഗരാവണമെന്ന ശക്തമായ നിർദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ഇതേ സമയം കോവിഡ് ബാധിതരുടെ ജന്മ ദേശങ്ങളിൽ പ്രഖ്യാപിക്കപെടുന്ന കണ്ടൈൻമെൻറ് വ്യവസ്ഥ കൾ പല പഞ്ചായത്തുകളിലും ഫലവത്തല്ല. മദ്യ വില്പന ആരംഭിച്ചതോടെ ബാറുകളിലും നിയന്ത്രണാതീതമായ ജന വിന്യാസം രൂപപ്പെടുന്നു. ഏറെ പ്രയാസപ്പെട്ടാണ് പോലീസും ഇത് നിയന്ത്രിക്കുന്നത്. ഇത്തരം ജനക്കൂട്ടം പൊതു നിരത്തുകളിലും വർധിച്ചിട്ടുണ്ട്. ഇത് വൈറസ് വ്യാപനത്തിനുള്ള വ്യാപക സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമുക്കില്ല, വരില്ല എന്ന ധാരണയിലാണ് കോവിഡിന്റെ പ്രതിരോധ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഭൂരിഭാഗം ജനങ്ങളും വീട്‌ വിട്ടിറങ്ങുന്നത്.