ഇലയുണ്ട് സദ്യയില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ പ്രവാസി ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.

ഇലയുണ്ട് സദ്യയില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് പ്രവാസി ലീഗ്. മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. ബസ് സ്റ്റാന്റിനു മുൻവശമാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശത്തുള്ള പ്രവാസികളെ സ്വാഗതം ചെയ്ത സർക്കാർ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രവർത്തകർ ധർണ്ണയിൽ അണി നിരന്നത്. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദ്‌ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിലെത്തുന്ന പ്രവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത സർക്കാർ തികഞ്ഞ അവഗണയാണ് കാണിക്കുന്നതെന്ന് മുഹമ്മദ്‌ ബഷീർ പറഞ്ഞു. നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

സ്വീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൽ തന്നെ പിഴവ് സംഭവിച്ചു. പ്രവാസികളെ സ്വീകരിക്കുന്നതിലുള്ള നിസ്സഹായ അവസ്ഥ മറച്ചു വച്ചു കൊണ്ട് സർക്കാരുകൾ പെരുമാറുന്നു. സത്യങ്ങൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാവണമെന്നും അദ്ദേഹം അവശ്യപെട്ടു. ഭക്ഷണം വിളമ്പാതെ വെറും ഇലയും, ഒഴിഞ്ഞ ഗ്ലാസ്സുമായി പ്രതീകാത്മകമായ സമരമാണ് നടന്നത്. തുടർന്ന് പ്രവാസി ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീക് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പച്ചീരി അസീസ്, അബ്ദു റഹ്മാൻ, അലി ഹാജി, ഐ.മുഹമ്മദ്, റഷീദ് കുറുവണ്ണ ജാബിർ, മജീദ് പാലൂർ തുടങ്ങിയവർ പങ്കെടുത്തു.