സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ 4 പേരെ വനം വകുപ്പ് പിടികൂടി. നാടൻ തോക്കും, രണ്ട് ഓട്ടോറിക്ഷകളും, വെട്ടുകത്തിയും കണ്ടെത്തി.

സൈലന്റ് വാലിയിൽ നായാട്ട് നടത്തിയ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഭവാനി ഫോറെസ്റ്റ് റേഞ്ചിൽ ആനവായ് സ്റ്റേഷന്റെ കീഴിലുള്ള ചിണ്ടക്കി വനത്തിൽ അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കാപ്പിത്തോട്ടത്തിലാണ് നായാട്ട് നടത്തിയത്. കഴിഞ്ഞ ദിവസം താണിച്ചുവട് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തവേ ഓട്ടോറിക്ഷയിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് പിടിച്ചെടുത്തിനെ തുടർന്നുള്ള അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടി കൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അനീഷ് (34), ചിണ്ടക്കി സ്വദേശികളായ മുഹമ്മദ്‌ നൗഷാദ്(38), രാജൻ (40), മുക്കാലി സ്വദേശി

സി. ജി. ആന്റണി (56)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാടൻ തോക്കും, രണ്ട് ഓട്ടോറിക്ഷകളും, വെട്ടുകത്തിയും, മ്ലാവിനെ വേട്ടയാടിയ സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും കണ്ടെത്തി. മുക്കാലിയിൽ റേഷൻ കടയിലെ വില്പനക്കാരനായ അനീഷിന്റെ നേതൃത്വത്തിൽ സംഘം രണ്ട് തവണ നായാട്ട് നടത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഭവാനി റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എ. ആശാലത, ഉദ്യോഗസ്ഥരായ എം. രവി കുമാർ, ടി. സി. രവീന്ദ്രൻ, എ. സുരേഷ് കുമാർ, സി. അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.