എന്നു തീരും മീൻവല്ലത്തെ എക്കൽ മണ്ണ് നീക്കം ചെയ്യൽ. പ്രതിദിനം പതിനയ്യായിരം യൂണിറ്റ് വൈദ്യുതി നഷ്ടം.

ജില്ലാ പഞ്ചായത്തിന്റെ മീൻവല്ലം ജലവൈദ്യുത പ‍ദ്ധതിയുടെ റിസർവോയറിൽ അടിഞ്ഞുകൂടിയ എക്കൽമണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പെരുമഴയ്ക്കു മുൻപ് തീർക്കേണ്ട ഈ പ്രവൃത്തി ധൃതിപിടിച്ച് നടക്കുകയാണ്. ഇതിനു വലിയ പ്രയത്നവും യന്ത്രസഹായവും വേണം. അതു ജില്ലാ ഭരണകൂടത്തിന് അറിവുള്ള കാര്യമായിരുന്നു. പക്ഷേ, അതിനു വേണ്ട  മുന്നൊരുക്കങ്ങൾക്ക് ബന്ധപ്പെട്ടവർ തയാറായില്ല. അവസാന ദിവസങ്ങളിലേക്കു കാത്തു നിന്നപ്പോൾ വെള്ളം കൂടിയതും വിനയായി. ഇന്നും ഇന്നലെയുമായി കനത്ത മഴയാണ് ഈ പ്രദേശങ്ങളിൽ. മാത്രമല്ല പ്രതിദിനം പതിനയ്യായിരത്തിലേറെ യൂണിറ്റ് വൈദ്യുതിയാണ് നഷ്ടം. കഴിഞ്ഞ രണ്ടു പ്രളയ കാലത്ത് അടിഞ്ഞ എക്കൽ പൂർണമായി നീക്കാൻ കഴിഞ്ഞിട്ടില്ല.

പ്രളയകാലത്തെ ഉരുൾപൊട്ടലുകളും ഡാമിൽ മണ്ണ് വേഗത്തിൽ നിറയാൻ കാരണമായിട്ടുണ്ട്. 4 വർഷത്തിനു ശേഷമാണ് ഇപ്പോൾ മണ്ണ് നീക്കുന്നത്. കരാർ നൽകിയതിലും തീവെട്ടി കൊള്ളനടന്നതായി ആരോപണമുണ്ട്. പാലക്കാട് സ്മോൾ ഹൈഡ്രോപ്രൊജക്റ്റിന്റെ ഈ പദ്ധതി വൻ ലാഭത്തിലായിരുന്നിട്ടും ജീവനക്കാർക്ക് ചെറിയ വേതനമാണ് കോടിക്കണക്കിന് വരുമാനമുള്ള കമ്പനി നൽകി വരുന്നത്. ജലവൈദ്യുത പ്ളാന്റിലെ പവര്‍ ജനറേഷനുശേഷം പുറത്തേക്കു വിടുന്ന വെള്ളം റോഡിനു കുറുകെയാണ് ഒഴുകുന്നത്. ഈ പെരു മഴക്കാലത്ത്, ഗതാഗതം തടസ്സപ്പെടുന്നരീതിയില്‍ വെള്ളം ഉയരുന്നുണ്ട്. ഇത് പ്ളാന്റിലേക്കുള്ള ജീവനക്കാരുടെ പോക്കുവരവ് തടസ്സപ്പെടുത്തുന്നു. ഇതിനു പരിഹാരമായി ഇവിടെ പാലം നിര്‍മിക്കണം എന്ന ആവശ്യത്തിന് പദ്ധതി ആരംഭിച്ച കാലത്തോളം പഴക്കമുണ്ട്.