സസ്‌പെന്‍ഷനിലായ തൊഴിലുറപ്പ് ജീവനക്കാരി പുനര്‍നിയമനത്തിനായി നിയമ പോരാട്ടത്തിലേക്ക്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ അവഗണന നേരിടുന്നത് ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് അംഗം.

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്ന് അമിത തുക പിൻവലിച്ച സംഭവം. സസ്പെന്ഷനിലായ ജീവനക്കാരി തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു നിയമ നടപടികളിലേക്ക്. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസിലെ അക്കൗണ്ടന്റും ഡാറ്റാ എൻട്രി ഓപ്പറേറ്ററുമായിരുന്ന പൊറ്റശ്ശേരി വാഴപറമ്പിൽ ജെലീറ്റ സിബിയാണ് അനിശ്ചിതമായി തുടരുന്ന തന്റെ പുനർ നിയമനത്തിനായി നിയമ സഹായം തേടാനൊരുങ്ങുന്നത്. 2019 സെപ്റ്റംബറിലാണ് സംഭവത്തിന്‌ ആസ്പദമായ തുക പിൻവലിക്കൽ നടന്നത്. തൊഴിലുറപ്പ് തൊഴിലാളുകളുടെ വേതനത്തിലേക്ക് വന്ന ഫണ്ടിൽ നിന്ന് അനുവദിച്ചതിലും ഭീമമായ തുക ജെലീറ്റ സിബി പിൻവലിച്ചിരുന്നു. ഇക്കാര്യം വിവാദമായതോടെ ഭരണ സമിതി ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത്‌ അന്വേഷണ കമ്മീഷനെയും വച്ചിരുന്നു. എന്നാൽ കമ്മീഷൻ റിപ്പോർട്ടിൽ യാതൊരു വ്യക്തതയുമില്ലെന്ന് ജെലീറ്റ സിബി പറയുന്നു. മാത്രമല്ല വിവരാവകാശ പ്രകാരമാണ് തനിക്കിത് ലഭിച്ചത്.പ്രസിഡന്റിന്റെ പ്രോത്സാഹനത്തോട് കൂടിയാണ് താൻ അന്ന് തുക പിൻവലിച്ചത്. അത് തൊഴിലാളികൾക്ക് വേതനം നല്കാനുള്ളതായിരുന്നു. എന്നാൽ സെപ്റ്റംബർ 23ന് വിശദീകരണം പോലും തേടാതെയാണ് സസ്‌പെൻഡ് ചെയ്തത്. ഇപ്പോൾ പ്രസിഡന്റ് തന്നെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തികഞ്ഞ എതിർപ്പാണ് കാണിക്കുന്നത്. ഇത് സംബന്ധിച്ച് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. പഞ്ചായത്ത്‌ അന്വേഷണത്തിൽ തൃപ്തി വരാത്ത ജെലീറ്റ സിബി തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറെ സമീപിച്ചതിനെ തുടർന്ന് പാലക്കാട്‌ ജോയിന്റ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ 2020

മെയ്‌ മാസത്തിൽ ഇക്കാര്യത്തിൽ പുനർ അന്വേഷണം നടത്തിയിരുന്നു. ജെപിസി കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജെലീറ്റ സിബിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്നും ഇവരെ സസ്‌പെൻഡ് ചെയ്ത നടപടി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മിഷൻ ഡയറക്ടർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെ തുടർന്നും പഞ്ചായത്ത്‌ ഭരണസമിതി തന്നെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജെലീറ്റ സിബി പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്നു ഭരണ സമിതി യോഗത്തിൽ പരാമർശിച്ചതിനു അടിസ്ഥാനമില്ല. സമൂഹത്തിന് മുന്നിൽ തന്നെയും കുടുംബത്തെയും അപഹാസ്യപെടുത്തി. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ല. തന്റെ വാർഡ് അംഗം പോലും തനിക്ക് വേണ്ടി ശബ്ദമുയർത്തുന്നില്ല. പ്രസിഡന്റിന് തന്നോടുള്ള വൈരാഗ്യവും എന്തെന്ന് മനസ്സിലാകുന്നില്ല. 15 ദിവസത്തേക്കാണ്‌ തന്നെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ പത്തു മാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കുന്നതിനുള്ള നടപടിയുണ്ടാകുന്നില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ജെലീറ്റ സിബി പറഞ്ഞു. ജെലീറ്റ സിബിയുടെ പുനർനിയമനത്തെ സംബന്ധിച്ചുള്ള ഭരണസമിതിയുടെ നിലപാടിൽ തികഞ്ഞ അവ്യക്തതയാണുള്ളത്. ഇടത് ഭരണമുള്ള പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗമായിരുന്ന സജീവ പ്രവർത്തകക്ക് അവഗണന നേരിടേണ്ടി വരുന്നതും വിചിത്രമാണ്. ആകെ 18 അംഗങ്ങളിൽ 8 അംഗങ്ങളുടെ ശക്‌തമായ പ്രാതിനിത്യമുള്ള സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്. വ്യക്തിപരമായ പിന്തുണയുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷത്തിനൊപ്പം ചേരുന്നു.