കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം : കരിമ്പയിൽ 100 കിടക്കകള്‍ സജ്ജമായി.

കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമായ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എല്‍.ടി.സി) ക്രമീകരണം അന്തിമഘട്ടത്തില്‍. കരിമ്പ ബഥനി സ്‌കൂളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നതെന്നും 100 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമായി ഇന്നലെയോടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അവലോകന യോഗത്തിനു ശേഷം പറഞ്ഞു. എപ്പോൾ വേണമെങ്കിലും രോഗികളെ പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നോഡൽ ഓഫീസർ പ്രദീപ് വർഗീസിന്റെ മേൽനോട്ടത്തിൽ പൂര്‍ത്തിയാക്കി വരുന്നത്. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ

അതോറിറ്റിയും വിദഗ്ധ സമിതിയും സംയുക്തമായാണ്  ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുള്ളത്. ഇവിടേക്കാവശ്യമായ മെഡിക്കൽ  സേവനം, പോലീസ്‌ സുരക്ഷ, ദൈനംദിന നടത്തിപ്പ്, ഭക്ഷണം, ശുചിത്വം, മറ്റുഭൗതിക സൗകര്യങ്ങൾ എന്നിവക്കായി പഞ്ചായത്തിലെ വിവിധ സ്‌കൂൾ അധ്യാപകർക്കും കോവിഡ് പ്രതിരോധ ചുമതലയുണ്ട്. മഹാമാരി നേരിടുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും സന്നദ്ധ സേവനത്തിലൂടെയും സഹായത്തിലൂടെയും പിന്തുണക്കാനും പൊതുജനങ്ങളോടായി ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. ബഥനി സ്‌കൂളിൽ ചേർന്ന അവലോകന യോഗത്തിൽ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ഹരിമോഹൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കോവിഡ് ഡ്യൂട്ടിയുള്ള അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.

Related