കിഫ്ബിയില്‍ തടസ്സപ്പെട്ട പല റോഡുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി. പയ്യനെടം റോഡ് നിര്‍മ്മാണത്തിലെ തടസ്സം പരിഹരിക്കാന്‍ എം.എല്‍.എ ഇടപെട്ടില്ലെന്ന് എ.ഐ.വൈ.എഫ്.

പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥ. നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് കുമരംപുത്തൂർ മേഖലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അക്കിപ്പാടം ബംഗ്ലാവ്പടിയിലാണ് സമരം നടന്നത്. സിപിഐ മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. റോഡിന്റെ പ്ലാനും എസ്റ്റിമേറ്റും അട്ടിമറിച്ചു അപാകതകൾ നിറഞ്ഞ നിർമ്മാണം നടത്താൻ പയ്യനടം നിവാസികളോട് നിർമ്മാണ കമ്പനിക്കുള്ള ദേഷ്യമെന്തെന്ന് മനസ്സിലാക്കണമെന്ന് മണികണ്ഠൻ പറഞ്ഞു. കിഫ്‌ബി പദ്ധതിയിൽ ആരംഭിച്ചു പരാതികളെ തുടർന്ന് നിർമ്മാണങ്ങൾ നിർത്തിവച്ച ഇത്തരം റോഡുകളിൽ ഭൂരിഭാഗവും നിർമ്മാണം പുനരാരംഭിച്ച് ഇപ്പോൾ പൂർത്തീകരിച്ചു. ഇത് സാധ്യമായത് അതാത് പ്രദേശങ്ങളിലെ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ മൂലമാണ്.

എന്നാൽ മണ്ണാർക്കാട് എംഎൽഎ ഉത്തരവാദിത്തം നിവ്വഹിക്കുന്നതിൽ പരാജയപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ചു പയ്യനടം റോഡ് പദ്ധതി മുട്ടിലിഴയുന്നു. ഇതിൽ കൈക്കൂലി വാങ്ങിയിട്ടുള്ള രാഷ്ട്രീയപാർട്ടികളിൽ സിപിഐ ഉൾപ്പെട്ടിട്ടില്ല. അത് ആരെന്ന് ജനങ്ങൾക്കറിയാം. റോഡ് പണിയുടെ കാലതാമസത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടു. എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം വി.സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രശോബ്, സിപിഐ കുമരംപുത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.അബ്ദുൽ അസീസ് നേതാക്കളായ കെ സിദ്ധിഖ്, വി.രവി, ടി.പി മുസ്തഫ, ഷൈൻ, മഞ്ജു തോമസ്, സരുൺ തുടങ്ങിയവർ പങ്കെടുത്തു.

Related