ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞെങ്കിലും പൊതുജന സമ്മതിയിൽ കൂടുതൽ ജനകീയനായി മൻസിൽ ബക്കർ.

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞെങ്കിലും പൊതുജന സമ്മതിയിൽ കൂടുതൽ ജനകീയനായി മൻസിൽ ബക്കർ. മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിൽ യുഡിഎഫിന്റെ കുത്തകയായ എടത്തനാട്ടുകര ഡിവിഷൻ പിടിച്ചടക്കാൻ സിപിഎമ്മിന്റെ ഉറച്ച നിയോഗമായാണ് കെ. അബൂബക്കർ എന്ന മൻസിൽ ബക്കറിനെ സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക നൽകിയത്. മൻസിൽ ബക്കർ എന്ന പേര് തർക്കരഹിതമായി നിർദേശിക്കപ്പെട്ടതും രാഷ്ട്രീയ അനുഭാവങ്ങൾക്കുപരി ജനകീയ ശക്തിയിൽ പ്രബലനായത് കൊണ്ട് തന്നെ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല നിബന്ധനയാണ് ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് വിനയായത്. പൊതു കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നുള്ള നിയമം നവംബർ 16 നാണ്‌ നിബന്ധന പുറപ്പെടുവിച്ചത്. വ്യവസായിയും, പ്രമുഖ കരാറുകാരനുമായ മൻസിൽ ബക്കറിന് ഇത് പ്രതികൂലമായതോടെസൂഷ്മ പരിശോധനയിൽ ഇദ്ദേഹത്തിന്റെ നാമ നിർദേശ പത്രിക തള്ളുകയായിരുന്നു. ഇതോടെ നിരാശരായത് രാഷ്ട്രീയ നേതൃത്വങ്ങൾക്കുപരി എടത്തനാട്ടുകരയിലെ പൊതു സമൂഹമാണ്. തെരഞ്ഞെടുപ്പിന്

മുൻപേ ജയം ഉറപ്പിച്ചായിരുന്നു മൻസിൽ ബക്കറിന്റെ സ്ഥാനാർത്ഥിത്വത്തിലേക്കുള്ള രംഗ പ്രവേശം. കളിസ്ഥലം എന്ന യുവാക്കളുടെ അവകാശം നേടികൊടുത്താണ് രാഷ്ട്രീയത്തിനുപരി അദ്ദേഹം യുവ മനസ്സുകളിൽ ഇടം നേടിയത്. ജന പ്രതിനിധികളുടെ വെറും വാക്കുകളിൽ മനം മടുത്ത എടത്തനാട്ടുകരയിലെ നൂറോളം ചെറുപ്പക്കാർ വോട്ട് ബഹിഷ്കരിക്കരണം പ്രഖ്യാപിച്ചത് ശ്രദ്ധയിൽ പെട്ടതോടെ മൻസിൽ ബക്കർ ഇവർക്കുള്ള കളിസ്ഥലം സാധ്യമാക്കി കൊടുത്തു. തുടർന്ന് നിരവധി കുടുംബങ്ങളും ഇദ്ദേഹത്തിന്റെ ജനകീയ പ്രവർത്തനങ്ങളിൽ അനുഭാവം പ്രകടിപ്പിച്ചെത്തിയിരുന്നു. ദീർഘ വീക്ഷണത്തോടെയുള്ള തന്റെ നേതൃപാടവം അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ അമരക്കാരനായ മൻസിൽ ബക്കർ തെളിയിച്ചത് ജനകീയ പദ്ധതികളിലൂടെ തന്നെ. മൻസിൽ ബക്കറിന്റെ സ്ഥാനാർഥിത്വം ബ്ലോക്കിലെ യുഡിഎഫ് പാളയത്തിൽ തന്നെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സർക്കാർ നിർദേശിച്ച സംസ്ഥാന കശുവണ്ടി കൃഷി വികസന ഏജൻസി ഡയറക്ടർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന മൻസിൽ ബക്കറിന്റെ അഭാവം ഏറെ നിരാശയോടെയാണ് ജനങ്ങൾ ഉൾക്കൊള്ളുന്നത്.

Related