വികസനകാഴ്ച്ചപ്പാടുകളുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കുറുപ്പ് ഡിവിഷന്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കല്ലടി ഉണ്ണിക്കമ്മു.

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പള്ളിക്കുറുപ്പ് ഡിവിഷനിൽ ചുവന്ന പരവതാനി വിരിക്കാനുറച്ച് കല്ലടി ഉണ്ണി കമ്മു. ഒന്നര പതിറ്റാണ്ടായി യുഡിഎഫ് ഭരണം മുറുക്കിയ ഡിവിഷനിൽ പാർട്ടിയുടെ ശ്രമകരമായ ദൗത്യം ഏറ്റെടുത്താണ് ഉണ്ണിക്കമ്മു ജനവിധി തേടുന്നത്. എട്ടാം ക്ലാസ്സിൽ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ രംഗ പ്രവേശം. തുടർന്ന് ഡിവൈഎഫ്ഐ ജില്ല ജോയിന്റ് സെക്രട്ടറി വരെ നീണ്ട നേതൃപാടവം. ജനകീയ പ്രശ്നങ്ങളിലുള്ള നിരന്തര ഇടപെടലുകൾ എന്നിവയെല്ലാം തന്നെ ഉണ്ണികമ്മുവിനെ പൊതു സമ്മതനാക്കുന്നു. ഇതിന് പുറമെ നാടിനൊപ്പം ഇഴുകിച്ചേർന്ന വ്യക്തിത്വവും ഇദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. വോട്ടപേക്ഷിക്കുന്നതിനു പകരം പ്രചരണം നാട്ടുകാരോട് കുശല സംഭാഷണങ്ങളിലേക്ക് നീളുന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ചെറു ബാല്യത്തോട് കളികൂട്ടുകാരനായി മാറുന്നതും ഇത് കൊണ്ട് തന്നെ. ചെറു അഭിവാദ്യങ്ങളിൽ പോലും ദൃഢ ബന്ധങ്ങൾ പൊടി തട്ടുന്നതിന്റെ പരിചയ ശൈലിയാണ് ഉണ്ണികമ്മുവിന്റേത്. തന്റെ രാഷ്ട്രീയ നിലപാട് ജനകീയ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ ഏറെ സഹായകമായിട്ടുള്ളതായി

ഉണ്ണിക്കമ്മു പറയുന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിലവിലെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഉണ്ണിക്കമ്മു പറയുന്നു. എന്നാൽ യുഡിഎഫ് പ്രതിനിത്യമുള്ള പള്ളിക്കുറുപ്പ് ഡിവിഷനിൽ ഇത് ഫലവത്താവണമെങ്കിൽ മാറ്റം അനിവാര്യമാണ്. ഒട്ടേറെ വികസന പദ്ധതികൾ ഇനിയും വരേണ്ടതുണ്ട്. വിദ്യാഭ്യാസം, ഭക്ഷ്യ സ്വയം പര്യാപ്തത, കായികം, കാർഷികം, പശ്ചാത്തലം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെല്ലാം വികസനമെത്തിച്ചു ഗ്രാമത്തെ സ്വയം പര്യാപ്തതയിലേക്കെത്തിക്കണം. അതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇത്തരം കാര്യങ്ങൾ മുൻ നിർത്തിയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് വികസനത്തിനായി നേതൃത്വം നൽകാൻ തനിക്കാവും. കൂടാതെ കുടുംബശ്രീ, തൊഴുലുറപ്പ് തുടങ്ങിയവയെ ഏകോപിപ്പിച്ച് വനിത വികസന വകുപ്പുകളുടെ സഹായത്തോടെ പള്ളിക്കുറുപ്പ് ഡിവിഷനിൽ സ്വയം തൊഴിൽ പദ്ധതികളും ആവിഷ്കരിക്കുമെന്ന് ഉണ്ണിക്കമ്മു പറഞ്ഞു. യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള പള്ളിക്കുറുപ്പിന്റെ മണ്ണിൽ വിജയത്തിന്റെ ഉറച്ച നിശ്ചയ ദാർഢ്യതോടെയാണ് കല്ലടി ഉണ്ണികമ്മു ജനവിധി തേടുന്നത്. സ്വതസിദ്ധമായ ലാളിത്യവും, പൊതുജന സമ്പർക്കവും ഇതിന് ഊർജ്ജം പകരും.

Related