അംഗപരിമിതി ഓര്‍മ്മയിലേ ഇല്ല : വാര്‍ഡ് മുഴുവന്‍ നടന്ന് വോട്ട് തേടി തച്ചനാട്ടുകര 11 ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി മുഹമ്മദ് സലീം

കാൽ നൂറ്റാണ്ട് കാലമായി മണ്ണാർക്കാട് യൂത്ത് ലീഗിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് കെ പി മുഹമ്മദ്‌ സലീം. തന്റെ അംഗപരിമിതി പോലും വകവെക്കാതെ ലീഗ് രാഷ്ട്രീയത്തിൽ ഓടിനടന്നു പ്രവർത്തിച്ചതിന്റെ ഫലമായി സലീം ഇന്ന് യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് യുവാക്കൾക്ക് മുൻഗണന നൽകിയപ്പോൾ സലീമിന് കർമ്മമണ്ഡലത്തിൽ തെളിഞ്ഞത് ജനസേവകന്റെ വേഷമാണ്. തച്ചനാട്ടുകര പഞ്ചായത്തിൽ വാർഡ് 11 ചാമപറമ്പിൽ യു.ഡി.എഫ്‌ സ്ഥാനാർഥിയായാണ് സലീം ജനവിധി തേടുന്നത്. ക്രച്ചസിന്റെ സഹായത്തോടെ നടന്ന് വോട്ട് അപേക്ഷിച്ചു സുഹൃത്തുകളോടൊപ്പം വീടുകളിൽ കയറിയിറങ്ങിയും തന്റെ

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചും സലീം ജനശ്രദ്ധ പിടിച്ചുപറ്റികൊണ്ടിരിക്കുകയാണ്. ഒന്നര വയസ്സിൽ വന്ന അസാധാരണമായ പനിയെ തുടർന്നാണ് സലീമിന്റെ കാലിന് ചലനശേഷി നഷ്ട്ടപ്പെട്ടത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടാണ് സലീമിന് ഉള്ളത്. ഇത്തവണ തെങ്കര ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർഥി ഗഫൂർ കോൽകളത്തിലും വലിയ പ്രതീക്ഷയാണ് ഇദ്ദേഹത്തിൽ അർപ്പിക്കുന്നത്. മണ്ണാർക്കാട് ഡി.എച്ച്.എസിൽ അധ്യാപകനാണ് സലീം.

Related