സഹോദരനെ നഷ്ടപ്പെട്ട പ്രതീതി : കെ വി വിജയദാസിൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു.

കെ വി വിജയദാസിൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു. കെ വി വിജയദാസിന്റെ അകാലമരണം ഏറെ ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നതാണ്. കോവിഡ് 19 ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും തുടർന്നും ദിവസവും വിജയദാസിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടിരുന്നു. അൽപ്പം ഗുരുതരാവസ്ഥയിലെത്തിയപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു. പാലക്കാട് ജില്ലയിൽ അടിസ്ഥാന വർഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് വിജയദാസ്.  സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് എനിക്കുള്ളത്. ഈ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകൾ പര്യാപ്തമല്ല. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ  കേരളത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട്

ജില്ലയിൽ മീൻ വല്ലത്താണ്. വിജയദാസ് ആ പദ്ധതി യഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഞാൻ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നൽകി. ഒരു വെല്ലുവിളി എന്ന രൂപത്തിലാണ് ആ പദ്ധതി അദ്ദേഹം ഏറ്റെടുത്തത്. എം എൽ എ എന്ന നിലയിലും ചെറിയ കാലയളവിൽ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. സഭക്കുള്ളിലും മണ്ഡലത്തിലും മികച്ച പ്രവർത്തനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായ ജനപ്രതിനിധിയായി. പട്ടികജാതി ക്ഷേമസമിതിയിലും അദ്ദേഹം നല്ല പ്രവർത്തനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ എം നാരായണന്റെ വേർപാടിനു ശേഷം താങ്ങാനാവാത്തതാണ് വിജയദാസിന്റെ വിയോഗം. വിജയദാസിന്റെ ഓർമ്മക്കു മുന്നിൽ ഒരു പിടി രക്തപുഷ്പം അർപ്പിക്കുന്നു. പാർടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Related