ജനസഹസ്രങ്ങളുടെ കണ്ണീർ പ്രവാഹത്തിൽ കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിന് യാത്രമൊഴി.

ജനസഹസ്രങ്ങളുടെ കണ്ണീർ പ്രവാഹത്തിൽ കോങ്ങാട് എംഎൽഎ കെ. വി. വിജയദാസിന് യാത്രമൊഴി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ ഭരണകർത്താക്കളും, രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ പ്രമുഖരും വിജയദാസിന് അന്ത്യോപചാരം അർപ്പിച്ചു. രാവിലെ എഴു മണിയോടെയാണ് മൃതദേഹം വിജയ ദാസിന്റെ എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചത്. 8 മണി വരെ വീട്ടിൽ ദർശനത്തിന് വച്ച ശേഷം ഒൻപത് മണിവരെ എലപ്പുള്ളി ഗവണ്മെന്റ് ഹൈസ്കൂളിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് ഒൻപതര മണിയോടെ സിപിഎം പാലക്കാട്‌ ജില്ല കമ്മിറ്റി ഓഫീസിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ സഖാവിന് അന്ത്യോപചാരം അർപ്പിക്കാൻ ജില്ല കമ്മിറ്റി ഓഫീസിലേക്ക് പ്രവഹിച്ചത്. ഓഫീസിന് അകത്തും, പുറത്തുമായി നീണ്ട നിര മണിക്കൂറുകളോളം തുടർന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം വരെയാണ് പൊതുദർശനം നീണ്ടത്. 11.45 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല കമ്മിറ്റി ഓഫീസിലെത്തിയത്. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ കഞ്ചിക്കോട് എത്തിയ അദ്ദേഹം തുടർന്ന് റോഡ് മാർഗ്ഗമാണ് എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. പി. ജയരാജൻ, കൃഷ്ണൻകുട്ടി എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് മുഖ്യമന്ത്രി കെ. വി. വിജയദാസിന്റെ മൃതദേഹത്തിന് അരികിലെത്തി അന്ത്യോപചാരം അർപ്പിച്ച ശേഷം മക്കളെ ആശ്വസിപ്പിച്ചു. ഉടനെ തന്നെ മുഖ്യമന്ത്രി മടങ്ങി. തുടർന്ന് റെഡ് വളണ്ടിയ ർമാർ അന്ത്യഅഭിവാദ്യമർപ്പിച്ചു.

ആംബുലൻസിൽ കയറ്റിയ മൃതദേഹം ഉച്ചക്ക് 12.30 മണിയോടെ ചന്ദ്രനഗറിൽ വൈദ്യുതി സ്മാശാനത്തിൽ സംസ്കരിച്ചു. സംസ്ഥാനത്ത്‌ ജില്ലാ പഞ്ചായത്ത്നിലവിൽ വന്ന 1995ൽ പാലക്കാട്‌ ജില്ലാപഞ്ചായത്ത്‌ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. വി. വിജയദാസ് രാജ്യത്തിനു തന്നെ മാതൃകയായാണ് മീൻവല്ലം ജലവൈദ്യുത പദ്ധതി നടപ്പാക്കിയത്‌. 2011ൽ കോങ്ങാട് മണ്ഡലം രൂപീകരിച്ചതോടെ ആദ്യ എംഎൽഎ ആയി. തുടർന്ന് 2016ലെ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിച്ചു. ഇതോടെ മണ്ഡലത്തിൽ ജനങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധിയായി വിജയദാസ് മാറി. കാഞ്ഞിരപ്പുഴയിൽ പാമ്പൻ തോട്, വെറ്റിലചോല തുടങ്ങി ആദിവാസി മേഖലകളിൽ വികസനമെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് വിജയദാസ് വഹിച്ചത്. ഡാമിന്റെ നവീകരണത്തിനും അമരത്വം വഹിച്ച ഇദ്ദേഹം നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിറക്കൽപടി- കാഞ്ഞിരപ്പുഴ റോഡിന്റെ പ്രവർത്തനങ്ങൾക്ക് സജീവ ഇടപെടലുകളാണ് നടത്തിയത്. കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്ന കെ. വി. വിജയദാസ് സിപിഐഎം എലപ്പുള്ളി ലോക്കൽ സെക്രട്ടറി,സിപിഐഎം പുതുശേരി,ചിറ്റൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.1987ൽ എലപ്പുള്ളി പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച കർഷകൻകൂടിയായ വിജയദാസ്‌ കർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു.മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.നിലവിൽ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ആണ്. ഭാര്യ പ്രേമ കുമാരി, ജയദീപ്, സന്ദീപ് എന്നിവർ മക്കളാണ്.

Related