കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന കർശനമാക്കി.

കോവിഡ് 19 ബോധവത്കരണം നടത്താനും നിയമ ലംഘകരെ പിടികൂടാനുമായി കല്ലടിക്കോട് പോലീസ് മൂന്ന് സ്ക്വാഡുകളായി പരിശോധന കർശനമാക്കി. സി.ഐ.സിജോ, എസ് ഐ മാരായ ഡോമിനിക്, രവീന്ദ്രൻ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമായാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്. മാസ്ക് ധരിക്കൽ,സാമൂഹിക അകലം പാലിക്കൽ തുടങ്ങി കൊറോണാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇരുപത്തഞ്ചോളം പേരിൽ നിന്നും പിഴ ഈടാക്കിയതായി കല്ലടിക്കോട് എസ് എച്ച് ഒ സിജോ പറഞ്ഞു. ആളുകൾ കൂടുന്ന പ്രധാന ഇടങ്ങളിലെല്ലാം പോലീസ് സംഘം പരിശോധന നടത്തി. കോവിഡ് വ്യാപനം

നിയന്ത്രണ വിധേയമാക്കാൻ പല വഴികളിലൂടെ പരിശ്രമിക്കുകയാണ് പോലീസ്. അശ്രദ്ധയോടെ കഴിയുന്നവരെ നന്നാക്കിയെടുക്കാൻ വേണ്ടത്ര ഉപദേശവും നൽകുന്നുണ്ട്. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലീസ് കര്‍ശനമായി നടപ്പാക്കും. ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. പച്ചക്കറി മത്സ്യ മാര്‍ക്കറ്റുകള്‍, ടാക്സി സ്റ്റാൻഡ്, റേഷൻ കടകൾ ബാങ്കുകൾ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത കൈവെടിയരുതെന്നും സി. ഐ. പറഞ്ഞു.