എൽഡിഎഫിന്റെ പൊതു തരംഗത്തിനെതിരെ എൻ. ഷംസുദ്ദീന് വേണ്ടി പ്രതിരോധം തീർത്തത് ശക്തികേന്ദ്രങ്ങളിലെ ഉറച്ച ലീഡ് നില.

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം. എൽഡിഎഫിന്റെ പൊതു തരംഗത്തിനെതിരെ എൻ. ഷംസുദ്ദീന് വേണ്ടി പ്രതിരോധം തീർത്തത് ശക്തികേന്ദ്രങ്ങളിലെ ഉറച്ച ലീഡ് നില. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ എതിർ സ്ഥാനാർഥി കെ.പി.സുരേഷ് രാജിനേക്കാൾ വ്യക്തമായ ഭൂരിപക്ഷത്തോട് കൂടിയാണ് ഷംസുദ്ദീൻ മുന്നേറിയത്. എടത്തനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട് എന്നീ മേഖലകളിലെല്ലാം തന്നെ യുഡിഎഫ് ഭൂരിപക്ഷം തുടർന്നു. ഇതോടെ ഷംസുദ്ദീൻ പതിനായിരത്തോളം വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ തെങ്കരയിൽ 787, അട്ടപ്പാടി മേഖലയിൽ 3825 എന്നിങ്ങനെ എൽഡിഎഫിന് ഭൂരിപക്ഷം വന്നതോടെ 5870 വോട്ടുകൾക്കാണ് ഷംസുദ്ദീൻ ജയിച്ചത്. ഇതേസമയം 12325 എന്ന 2016ലെ ഭൂരിപക്ഷത്തിൽ നിന്ന് പകുതിയിലധികം വോട്ടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. എന്നാൽ മണ്ഡലത്തിൽ തങ്ങൾ പ്രതീക്ഷിച്ച ഭൂരിപക്ഷം തന്നെയാണ് ലഭിച്ചതെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു. മണ്ണാർക്കാട് വരെയുള്ള മേഖലകളിൽ ഉണ്ടായ ഭൂരിപക്ഷം വിജയം ഉറപ്പിച്ചു. വോട്ട് ചോർച്ചകളെ സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്ത് പ്രതികരിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി. അലനല്ലൂർ മേഖലയിൽ 2016ലെ ഭൂരിപക്ഷം താരതമ്യം ചെയ്യുമ്പോൾ 1500ഓളം വോട്ടുകളുടെ കുറവാണുള്ളത്.

എന്നാൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാൾ ഇവിടെ യുഡിഎഫ് നില മെച്ചപ്പെടുത്തിയതായി ലീഗ് നേതാവ് റഷീദ് ആലായൻ പറഞ്ഞു. കോട്ടോപ്പാടത്ത്‌ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലുണ്ടായ അസ്വാരസ്യം പരിഹരിക്കാത്തത് ഭൂരിപക്ഷം കുറയാൻ കാരണമായെന്ന് മണ്ഡലം യുഡിഎഫ് ചെയർമാൻ സി.ജെ രമേശ് പറഞ്ഞു. മണ്ണാർക്കാട് നഗരസഭയിൽ പ്രതീക്ഷിത ഭൂരിപക്ഷം നേടിയെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. ശക്തമായ എൽഡിഎഫ് തരംഗത്തിലും തെങ്കരയിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ഉയർത്താൻ ആവാതെ യുഡിഎഫ് അക്ഷീണം പ്രവർത്തിച്ചതായി മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ.ഫൈസൽ വ്യക്തമാക്കി. അട്ടപ്പാടി മേഖലയിൽ എൽഡിഎഫിലേക്ക് ഉള്ള വോട്ട് ചോർച്ച സംബന്ധിച്ച പഠനം നടത്തുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.സി.ബേബി പറഞ്ഞു. മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് പറഞ്ഞ ഭൂരിപക്ഷം നേടിയിട്ടുണ്ട് എന്ന് ചീഫ് ഇലക്ഷൻ ഏജന്റ് ടി.എ.സിദ്ദിഖ് പറഞ്ഞു. ശക്തി സ്രോതസ്സുകളിൽ എല്ലാം തന്നെ വോട്ടുകൾ നിലനിർത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിൽ പരിപൂർണ്ണ സംതൃപ്തിയാണ് ഉള്ളതെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ.സലാമും വ്യക്തമാക്കി.