സിന്ദൂര തുമ്പിയിൽ സ്ത്രീ പുരുഷ കോശങ്ങൾ : അത്യപൂർവ ജൈവപ്രതിഭാസം കണ്ടെത്തി മണ്ണാർക്കാട്ടുകാരനായ വിദ്യാർത്ഥി.

പ്രകൃതിയുടെ ജൈവ വൈവിധ്യങ്ങളെ ക്യാമറയിൽ പകർത്തി മണ്ണാർക്കാട്ടുകാരനായ വിദ്യാർത്ഥി ശ്രദ്ധ നേടുന്നു. പറംപുള്ളി കാരാക്കുത്ത് വീട്ടിൽ അജയ് കൃഷ്ണ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അത്യപൂർവ ജൈവപ്രതിഭാസം കണ്ടെത്തിയത്. ലോക്ക്ഡൗണിലെ വിരസതയകറ്റാൻ ഗവേഷണം വിനോദം ആക്കിയ അജയ് കൃഷ്ണ സിന്ദൂര തുമ്പിയിൽ ആണ് സ്ത്രീ പുരുഷ കോശങ്ങൾ ഇടകലർന്ന് വരുന്ന അപൂർവ പ്രതിഭാസം കണ്ടെത്തിയത്. തുമ്പിയെ നിരീക്ഷിക്കാൻ ഏറെനേരം ചിലവിട്ടത് ആയി അജയ് കൃഷ്ണ പറയുന്നു. മഞ്ഞ നിറത്തിൽ കാണപ്പെടാറുള്ള പെൺ തുമ്പിയുടെ വലത് കണ്ണിന്റെ പാതി, ഉദരത്തിന്റെ ചില ഭാഗങ്ങൾ, വലതു ചിറകുകളിലെ ഞരമ്പുകൾ എന്നിവ ആൺതുമ്പിയിലെന്ന പോലെ പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ ആണ് കണ്ടെത്തിയത്. ഏറെ അപൂർവത തോന്നിയ

തുമ്പിയുടെ ചിത്രം ഫോണിന്റെ ക്യാമറയിൽ പകർത്തി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷണ മേധാവി സുബിൻ കെ ജോസ്, ഗവേഷകൻ വിവേക് ചന്ദ്രൻ എന്നിവർക്ക് അയച്ചു നല്കുകയായിരുന്നു. തുടർന്ന് സംഘം വിശദമായ പഠനങ്ങൾ നടത്തി.ഗൈനാൻഡ്രോമോർഫിസം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു ജനിതകവൈകല്യമായാണ് കണക്കാക്കപ്പെടുന്നതെന്നും ഇത്തരം ജീവികളെ പ്രകൃതിയിൽ അപൂർവമായേ കണ്ടുകിട്ടാറുള്ളൂ എന്നും പഠനസംഘം പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ പ്രതിഭാസം സിന്ദൂരത്തുമ്പിയിൽ കാണപ്പെടുന്നത്. 2019ൽ ഇത്തരമൊരു വയൽത്തുമ്പിയെ തൃശ്ശൂർ കോൾ നിലങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അതിനെ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. സ്വിസ് തുമ്പി ഗവേഷകനായ ഹൻസ്രുവേദി വിൽഡർമുത്തിന്റെ സഹായത്തോടെ അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ ഓഡോണേറ്റോളൊജിക്കയിൽ ഈ അപൂർവ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related