അനധികൃത നിയമനാരോപണം. പൊറ്റശ്ശേരി സഹകരണ ബാങ്കിൽ ഡയറക്ടർമാർ പരീക്ഷാർത്ഥികളെ തടഞ്ഞു.

അനധികൃത നിയമനാരോപണം. പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്കിൽ ഡയറക്ടർമാർ പരീക്ഷാർത്ഥികളെ തടഞ്ഞു.ബാങ്കിലെ മൂന്ന് പ്യൂൺ തസ്തികകളിലേക്ക്‌ ഇന്ന് നടത്താനിരുന്ന പരീക്ഷയാണ് വിവാദമായത്.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ഭരണസമിതി അംഗം ജോയ് ജോസഫിന്റെ നേതൃത്വത്തിൽ നാല് ഡയറക്ടർമാരാണ് പരീക്ഷാർത്ഥികളെ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിഷേധം നടത്തിയത്. പ്രവേശിക്കാൻ ശ്രമിച്ചവരെ ബലമായി തന്നെ തടഞ്ഞു.മൂന്ന് തസ്തികകളിലേക്ക് നിയമനം നടത്താൻ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ യോഗത്തിനുശേഷം മൂന്ന് കൂടാതെ രണ്ട് തസ്തികകളിലേക്ക് കൂടി നിയമനം നടത്താൻ തീരുമാനിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടർമാർ പറയുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ബാങ്ക് നടപടികൾ കോടതിയുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് വിധി വന്നിരുന്നു. ഇതിൻ പ്രകാരം ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി ഇന്നലെ ബാങ്ക് അധികൃതർ പരീക്ഷാർത്ഥികളെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ പരീക്ഷ നടക്കുമെന്ന് പരീക്ഷാർത്ഥികൾക്ക് വീണ്ടും അറിയിപ്പ് വന്നതോടെയാണ് പ്രശ്നം വിവാദമായത്. അഞ്ച് തസ്തികകളിലേക്കുമുള്ള നിയമനത്തിലേക്ക് പണം വാങ്ങിയെന്നാണ് പ്രതിഷേധക്കാരായ ഡയറക്ടർമാരുടെ ആരോപണം. നിലവിൽ





34 പരീക്ഷാർത്ഥികൾ ഉള്ളതിൽ എല്ലാവരും ഹാജരായാൽ മാത്രമേ പരീക്ഷ നടത്താൻ സമ്മതിക്കുകയുള്ളൂ എന്ന് ഡയറക്ടർമാർ പറഞ്ഞു. നിലവിലെ പ്രസിഡണ്ടിനും, മറ്റു ഡയറക്ടർമാർക്കും എതിരെ മുദ്രാവാക്യം മുഴക്കി ഏറെനേരം പ്രതിഷേധം തുടർന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ബാങ്ക് പ്രസിഡണ്ട്, പരീക്ഷ ഏജൻസി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ മാറ്റിവെച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെ പ്രതിഷേധക്കാർ ആഹ്ലാദാരവം മുഴക്കി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനങ്ങളെ അട്ടിമറിച്ച് വളരെ കാലം നല്ല രീതിയിൽ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്ന വ്യക്തിയെ രാജിവെപ്പിച്ചത് ചില യുഡിഎഫ് നേതാക്കളുടെ പ്രവർത്തനമാണെന്ന് ജോയ് ജോസഫ് ആരോപിച്ചു. അനധികൃത നിയമനം നടത്തി പണം കൈപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം ഏറെക്കാലമായി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിനെ നശിപ്പിക്കാനുള്ള ശ്രമമാണ് നാലു ഡയറക്ടർമാരും നടത്തുന്നതെന്ന് നിലവിലെ പ്രസിഡന്റ് സി. ടി.അലി പറഞ്ഞു. അനധികൃത നിയമനങ്ങൾക്ക് ബാങ്കിൽ സാധ്യതയില്ലെന്നും, സർക്കാർ സംവിധാനത്തിലാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related