നല്‍കുന്നതെല്ലാം മോദി : കേരളം പദ്ധതികളുടെ പേര്മാറ്റി പ്രസിദ്ധിനേടുന്നുവെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ കേരള സർക്കാർ സ്വന്തം പേരിലാക്കി പ്രസിദ്ധി നേടുകയാണെന്ന് കേന്ദ്ര രാസവസ്തു-രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് ഇടതു സർക്കാരിനെതിരെ മന്ത്രി രൂക്ഷ വിമർശനം ഉയർത്തിയത്. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് പദ്ധതിയുടെ റിപ്പോർട്ടുകൾ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ചു. കേരളത്തിൽ പാവങ്ങൾക്കായി റേഷൻ, ശുദ്ധ ജലവിതരണം, വൈദ്യുതി തുടങ്ങി

നിരവധി സൗകര്യങ്ങൾ കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ കേരള സർക്കാർ ഇത് സ്വന്തം പേരിലാക്കുകയാണ് ചെയ്യുന്നത്.കാലക്രമേണ പൊതുജനങ്ങൾ യാഥാർഥ്യം തിരിച്ചറിയും.തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം, ഭവന പദ്ധതിക്കുള്ള കേന്ദ്ര വിഹിതം എന്നിവക്കുള്ള ഫണ്ട്‌ കൃത്യമായി തന്നെ കേന്ദ്രം നൽകുന്നുണ്ട്. ഇത് സമയബന്ധിതമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി പറഞ്ഞു.വെള്ളത്തോട്, പാമ്പൻതോട് കോളനികളിലെ ആദിവാസി കുടുംബങ്ങൾക്കായി മുണ്ടക്കുന്നിൽ നിർമിക്കുന്ന വീടുകളും സന്ദർശിച്ചതിന് ശേഷമാണ് മന്ത്രി ഭാഗവന്ത് ഖുബ മടങ്ങിയത്.

Related