തെങ്കര പഞ്ചായത്തിലെ ഭരണം നിര്‍ജീവം : റീത്ത് വെച്ച് സമരം നടത്തി യൂത്ത്‌കോണ്‍ഗ്രസ്സ്‌

തെങ്കര പഞ്ചായത്തിലെ വികസന മുരടിപ്പിലും, അഴിമതിയിലും, കർഷക, ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റീത്ത് വെക്കൽ സമരം നടന്നു. സമരത്തിന് മുന്നോടിയായി പഞ്ചായത്ത് ഓഫീസിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു. തുടർന്ന് ഓഫീസ് ഗേറ്റിൽ പ്രതിഷേധ റീത്ത്‌ വച്ചു. തുടർന്ന് നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട്‌ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. അഴിമതി മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ഇടതു പക്ഷത്തിന്റെ ഭരണസമിതി പഞ്ചായത്തിനെ നിർജീവമാക്കിയെന്ന് ഗിരീഷ് ഗുപ്ത അഭിപ്രായപ്പെട്ടു. ഈ നിലപാട് മാറ്റി വികസനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഭരണസമിതി തയാറാവണമെന്നും





ഗിരീഷ് ആവശ്യപ്പെട്ടു. തെങ്കര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്‌ ഭരണത്തിലുള്ളപ്പോഴുള്ള വികസനങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ജഹീഫ് പറഞ്ഞു. തുച്ഛമായ നികുതികൾ പിരിക്കുന്ന കാര്യത്തിൽ പോലും സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന ഭരണസമിതി പദ്ധതികൾക്ക് ടെൻഡർ തുകയേക്കാൾ അധികം ചിലവാക്കി കരാറുകാറെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജഹീഫ് പറഞ്ഞു. പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഷഫിലാസ് ചേറുംകുളം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട്‌ ആറ്റക്കര ഹരിദാസ്, പഞ്ചായത്ത് അംഗം സി.പി.മുഹമ്മദാലി, നേതാക്കളായ കുരിക്കൾ സെയ്ത്, ഹാരിസ് തത്തേങ്ങലം, സഹീൽ തെങ്കര, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

Related