റോഡിലെ കല്ലുകള്‍ കൈ കൊണ്ട് കോരിയെടുക്കാം : ഇന്നലെ റീടാറിംഗ് പൂര്‍ത്തിയാക്കിയ പാലക്കയം പായപ്പുല്ല് റോഡിന്റെ ഇന്നത്തെ അവസ്ഥ

ടാര്‍ ചെയ്ത് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ റോഡിലെ കല്ലുകള്‍ കൈ കൊണ്ട് കോരിയെടുക്കാം. കയ്യിലൊരല്‍പ്പം പോലും ടാറാകില്ല. തച്ചമ്പാറ പഞ്ചായത്തിലെ 7 ാം വാര്‍ഡിലെ പാലക്കയം പായപ്പുല്ല് റോഡിന്റെ റീ ടാറിംഗാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. എന്നാല്‍ റോഡില്‍ പലയിടങ്ങളിലും ടാറിന്റെ അംശമില്ലാതെ മെറ്റലും ടാറും വേറിട്ട് കിടക്കുന്ന സ്ഥിതിയാണ്. പ്രവര്‍ത്തിയില്‍ അഴിമതിയാരോപിച്ച് തച്ചമ്പാറ മണ്ഡലം കോണ്‍ഗ്രസ്സ് രംഗത്തെത്തി. പുതിയ ടെക്‌നോളജിയാണിതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് റിയാസ്





തച്ചമ്പാറ പറഞ്ഞു. റോഡ് പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ പറഞ്ഞു. സച്ചു ജോസഫ്, തങ്കച്ചന്‍, കൃഷ്ണന്‍കുട്ടി തുടങ്ങിയവരും പ്രതിഷേധവുമായെത്തി. മഴ പെയ്തതും നിര്‍മ്മാണം പൂര്‍ത്തിയാക്കും മുന്‍പ് അമിത ലോഡുമായി വാഹനങ്ങള്‍ പോയതുമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് കരാറുകാരും 3 ദിവസം കൊണ്ടാണ് ടാര്‍ ഉറക്കുകയെന്നാണ് എഞ്ചിനീയറും അറിയിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി അറിയിച്ചു. വിഷയത്തില്‍ വസ്തുതയുണ്ടെങ്കില്‍ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.