കൈക്കൂലി വീരനെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടറുടെ ഉത്തരവ്
പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറുടെ ഉത്തരവ്. മെയ് 23 മുതല്‍ പ്രാബല്യത്തോടെയാണ് സര്‍വീസില്‍ നിന്നും വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം ചൊവ്വാഴ്ച്ച പോലീസ് വിജിലന്‍സ് വിഭാഗം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമാണ്. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായതിനാലും, ജീവനക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യം അല്ലാത്തതിനാലുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍ പാലക്കയം വില്ലേജ് ഓഫീസില്‍ പരിശോധന നടത്തി. ഇദ്ദേഹത്തിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സുരേഷ് കുമാറിനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജൂണ്‍ 7 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.