ഹൈക്കോടതിയില്‍ നിന്നും തുടര്‍ച്ചയായി വന്ന സ്റ്റേ ഓര്‍ഡറുകള്‍ കാഞ്ഞിരപ്പുഴ റോഡ് പ്രവര്‍ത്തി വൈകുന്നതിന് കാരണമായെന്ന് എംഎല്‍എ, അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി 67 ലക്ഷം രൂപ വകയിരുത്തി.

ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് നിര്‍മ്മാണം മുടങ്ങിയതിനെതിരെയുള്ള നവമാധ്യമങ്ങളിലെ പ്രതിഷേധം വാസ്തവം തിരിച്ചറിയാതെയെന്ന് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. വികസന വിരോധികളായ തല്‍പ്പര കക്ഷികളാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 2018 ല്‍ റോഡിന്റെ പ്രവര്‍ത്തി ഏറ്റെടുത്ത ആര്‍എസ് കണ്‍സ്ട്രക്ഷന്‍സ് റോഡിന്റെ പ്രവര്‍ത്തി നിര്‍ത്തിവെക്കാനുള്ള പ്രധാന കാരണം കാഞ്ഞിരത്തെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ്. കാഞ്ഞിരത്ത് ഡ്രൈനേജ് വേണ്ടെന്നായിരുന്നു അവരുടെ ആവശ്യം. കോടതിയുടെ സ്റ്റേ വന്നതോടെ കാഞ്ഞിരം സെന്ററിലെ പ്രവര്‍ത്തി ഒന്നര വര്‍ഷത്തോളം മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വൈദ്യുത കാലുകള്‍ മാറ്റി സ്ഥാപിക്കുന്ന





പ്രവര്‍ത്തിയ്‌ക്കെതിരെ ചിറക്കല്‍പ്പടിയിലുള്ള ഒരു വനിത നല്‍കിയ ഹരജിയിലും കോടതിയുടെ സ്റ്റേ എത്തി. ഇതോടെയും റോഡ് നിര്‍മ്മാണം ഒരു വര്‍ഷത്തിലധികം തടസ്സപ്പെട്ടു. ശേഷം കോവിഡും വിനയായി. ഇതിനിടയില്‍ കരാറുകാരനെ മാറ്റി. അദ്ദേഹം കോടതിയെ സമീപിച്ചതോടെ നടപടികള്‍ തുടരുകയാണ്. ഇടക്കാലത്ത് 25 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് അറ്റകുറ്റപണികളും നടത്തിയിരുന്നു. ഇപ്പോള്‍ കാഞ്ഞിരം സെന്ററിലേതുള്‍പ്പെടെ കുഴികളടക്കുന്നതിനായി 67 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനും മഴയെ കണ്ടറിയേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സഹകരണം വേണമെന്നും എംഎല്‍എ പറഞ്ഞു.

Related