കേരളത്തിലെ 18 എം പിമാരുടെ കഴിവുകേട് പ്രകടമാക്കുന്ന ചരിത്രമാണ് പാലക്കാട് കോച്ച് ഫാക്ടറിയുടേതെന്ന് പി.കെ ശശി
പാലക്കാട് എം.പി ഉൾപ്പെടെ കേരളത്തിൽ നിന്ന് പാർലമെന്റിലെത്തിയ 18 എം പിമാരുടെ കഴിവുകേട് പ്രകടമാക്കുന്ന ചരിത്രമാണ് പാലക്കാട് കോച്ച് ഫാക്ടറിയുടേതെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ശശി, കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്ത് കേരളത്തെയും പാലക്കാടിനേയും വഞ്ചിച്ച ബി ജെ പി, കോൺഗ്രസ് നിലപാടുകൾക്കെതിരെ സിഐടിയു മണ്ണാർക്കാട് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വഞ്ചനാദിന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോച്ച് ഫാക്ടറിക്ക് വേണ്ടി നടത്തിയ ശിലാസ്ഥാപനത്തിൻ്റെ മാതൃകയിൽ റീത്ത് സമർപ്പിച്ചു കൊണ്ടാണ് പി കെ ശശി ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിലെ ഗവൺമെന്റിന് പ്രത്യേക പരിഗണന കൊടുക്കരുതെന്ന് പറഞ്ഞുകൊണ്ടല്ലാതെ കോൺഗ്രസിന്റെ ഒരു എം
പിയും നാളിതുവരെ പാർലമെന്റിൽ സംസാരിച്ചിട്ടില്ല. പൊതുമേഖലയിൽ ആരംഭിക്കേണ്ട കോച്ച് ഫാക്ടറിക്ക് ഇന്ന് ആഗോള ടെൻഡർ നൽകുകയാണ്, രാജ്യത്തിന് ലഭിക്കേണ്ട ലാഭം കുത്തക കമ്പനികളാണ് കൊണ്ടുപോകുന്നതെന്ന് പി.കെ ശശി പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു അധികാരത്തിൽ വന്നവരാണ്. 42 വർഷക്കാലമായി പാലക്കാട് ജില്ലയിലെ ജനങ്ങൾ ചതിക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി പി. മനോമോഹനൻ, ഡിവിഷൻ പ്രസിഡൻ്റ് എം. കൃഷ്ണകുമാർ, എം കുമാരൻ, പി ദാസൻ, അജയകുമാർ, രഞ്ജിത്, അജീഷ്, കെ. പി മസൂദ്, ഹക്കീം മണ്ണാർക്കാട് തുടങ്ങിയവർ പങ്കെടുത്തു.