മണ്ണാര്‍ക്കാട് ഒരുലക്ഷത്തോളം രൂപ കള്ളനോട്ട് പിടിച്ച സംഭവം : മുഖ്യപ്രതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മണ്ണാർക്കാട് കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേരെ മണ്ണാർക്കാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ, പൂരൂർ സ്വദേശി ഫൈസൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ മൊഴിയിൽ നിന്നാണ് മുഖ്യപ്രതിയായ പാണ്ടിക്കാട് സ്വദേശി ബഷീറിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ പത്ത് ലക്ഷം രൂപയുടെയും വ്യാജ ആർ സി ബുക്ക് നിർമ്മിച്ച് പണയം വച്ചതിനും കേസുകൾ നിലവിലുണ്ടെന്ന് മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ ബൈജു പറഞ്ഞു. മണ്ണാർക്കാട്

കുമരംപുത്തൂർ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി ടി.എസ് സിനോജിന്റെ മേൽനോട്ടത്തിലാണ് കഴിഞ്ഞ ദിവസം 2 പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 91000 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണത്തിനും തെളിവുകൾ ശേഖരിക്കുന്നതിനും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുമെന്നും ഇ.ആർ ബൈജു പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ സാദത്ത്, ഉണ്ണി, സിപിഒ റംഷാദ്, എസ് സി പി ഒ മാരായ വിനോദ് കുമാർ, മുബാറക്ക് അലി, അഷ്റഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related