245 രൂപ വാങ്ങുന്നുണ്ട്, 7 മാസമായി ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് കിട്ടുന്നില്ല, പ്രതിസന്ധിയിലെന്ന് യൂസ്ഡ് വെഹിക്കിള്‍സ് ഡീലേഴ്സ്
ഏഴു മാസത്തോളമായി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ആർ സി ബുക്ക് പ്രിന്റ് ചെയ്ത് ലഭിക്കുന്നില്ല, ഇൻഷുറൻസ്, ഫിറ്റ്നസ്, വാഹന വിൽപന എന്നിവ മുടങ്ങുന്നു, പ്രതിസന്ധിയിലെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ. ആർസി ബുക്കിനായി 245 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നത്. മുൻകാലങ്ങളിൽ അതാത് ആർ ടി ഓഫീസുകളിൽ പ്രിന്റ് ചെയ്തിരുന്നത് നിലവിൽ സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാലിപ്പോൾ വിവിധ കാരണങ്ങളാൽ യഥാസമയം പ്രിന്റ് ചെയ്യാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളുടെ പിഴകൾ അടക്കുവാൻ കൃത്യമായ ഏകജാലക സംവിധാനം ഇല്ല, ഇതര സംസ്ഥാനങ്ങളുടെ പെർമിറ്റ് എടുത്ത് ട്രിപ്പ് നടത്തുന്നതിന് ആർ സി സമർപ്പിക്കാൻ ടാക്സി വാഹനങ്ങൾക്ക് കഴിയുന്നില്ല, ഇൻഷുറൻസ് പേര്
മാറ്റുവാൻ സാധിക്കാത്തതിനാൽ വാഹന ഉടമകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല തുടങ്ങി ഈ മേഖലയെയാകെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആർ സി ബുക്കുകൾ മുൻ കാലങ്ങളിലേതു പോലെ യഥാസമയം ഉടമകൾക്ക് ലഭ്യമാക്കി തൊഴിൽ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ആർ ടി ഓഫീസുകളിലേക്ക് മെയ് 21 ചൊവ്വാഴ്ച രാവിലെ 10 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസീസ് മേലേതിൽ, എം. അബ്ദുൾ നാസർ, അബു താഹിർ, എ. അസീസ്, വർഗീസ് ബാബു, ജാഫർ ബാബു, നടരാജൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.