ചിരട്ട തലയില്‍വീണിനി കുട്ടികള്‍ക്ക് പരുക്ക് പറ്റില്ല : പൂഞ്ചോല സ്‌ക്കൂളിന് പുതിയ കെട്ടിടം, എംഎല്‍എ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

വാടക കെട്ടിടത്തിലെ ക്ലാസ് മുറികൾക്ക് വിട, പൂഞ്ചോല ജി എൽ പി സ്കൂളിലെ കുരുന്നുകൾ ഇനി പുതിയ കെട്ടിടത്തിലേക്ക്, സ്കൂളിന്റെ സ്വന്തം കെട്ടിടത്തിന്റെ ഉദ്ഘാടനവും ശിലാഫലക അനാശ്ചാദനവും എം എൽ എ കെ.ശാന്തകുമാരി നിർവഹിച്ചു. മുൻ എംഎൽഎ കെ.വി വിജയദാസിന്റെയും എംഎൽഎ കെ.ശാന്തകുമാരിയുടെയും ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 25 ലക്ഷം രൂപയും ചിലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. മലയോര പിന്നോക്ക മേഖലയായ പാങ്ങോട്, പൂഞ്ചോല പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ എത്തിയിരുന്നത്. ചിരട്ടകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേൽകൂരയായിരുന്നു മുൻപുള്ള സ്കൂളിന്റേത്. എന്നാൽ, കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും

ചിരട്ടകൾ അടർന്ന് വീണ് കുട്ടികൾക്ക് പരിക്ക് പറ്റുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കഴിഞ്ഞ മൂന്നു വർഷമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു പോന്നത്. പുതിയ അധ്യായന വർഷത്തിൽ പുതിയ കെട്ടിടത്തിൽ പ്രവേശനോത്സവം നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പെരുമാറ്റ ചട്ടം നിലനിന്നതിനാൽ വൈകുകയായിരുന്നുവെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എംഎൽഎ കെ ശാന്തകുമാരി പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി കെട്ടിടം മാറരുതെന്നും മാനസിക വികാസത്തിനുള്ള സാഹചര്യം കുട്ടികൾക്ക് ഉറപ്പുനൽകുകയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീരാമരാജൻ അധ്യക്ഷയായി. സിദ്ധിഖ് ചേപ്പോടൻ, കെ.പ്രദീപ്, മിനിമോൾ ജോൺ, ഷിബി കുര്യൻ, സി.അബൂബക്കർ, കെ.മുഹമ്മദാലി, പ്രധാനാധ്യാപകൻ എൻ.എം അബ്ദുൾ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

Related