2023 ല്‍ സംസ്ഥാന അവാര്‍ഡ്, 2024 ല്‍ ദേശീയ അധ്യാപക അവാര്‍ഡും നേടി ശിവപ്രസാദ്, രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി

അധ്യാപക ദിനത്തിൽ രാഷ്ട്രപതിയിൽ നിന്നും മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി കുണ്ടൂർക്കുന്ന് യുപി സ്കൂളിലെ കെ. ശിവപ്രസാദ്, അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജവും കൂടുതൽ ഉത്തരവാദിത്തവുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂളിൽ 21 വർഷമായി അധ്യാപകനായ കെ. ശിവപ്രസാദ് പാലോട് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മാഷാണ്. വിദ്യാഭ്യാസ രംഗത്തിനു മുതൽക്കൂട്ടാകുന്ന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം ജൂണിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ തിളക്കം മായും മുൻപാണ് ഈ വർഷം ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. അധ്യാപക ദിനത്തിൽ ഡൽഹിയിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക്





സാഹിത്യ കൃതികൾ വായിച്ചു നൽകുന്ന ഓഡിയോ ബുക്ക്, ആശയവിനിമയ ശേഷികളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂൾ തലത്തിൽ പ്രത്യേക മൊഡ്യൂൾ, ശാസ്ത്ര പാർക്ക് എന്നിവയാണ് പുരസ്‍കാര നേട്ടത്തിലേക്ക് വഴിതുറന്നത്. സംസ്ഥാനത്തെ അധ്യാപക കൂട്ടായ്മ ലേർണിംഗ് ടീച്ചേർസ് കേരളയുടെ എക്സിക്യൂട്ടീവ് അംഗമായ ശിവപ്രസാദിന് ശാസ്ത്ര പാർക്ക്, ജിയോ ലാബ്, അഡാപ്റ്റഡ് സയൻസ് ലാബ് ആശയങ്ങൾ കേരളത്തിലുടനീളം നടപ്പാക്കുവാനും ശില്പശാലകൾക്ക് നേതൃത്വം നൽകാനും സാധിച്ചു. ലഭിച്ച പുരസ്‌കാരം പഠിപ്പിച്ച ഗുരുക്കന്മാർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടിൽ നിന്ന് അറിവ് ലഭിക്കുന്ന രീതിയിൽ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. പൊതുവിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ ശക്തിപ്പെടണം, അതിലൂടെയാണ് സാമൂഹിക പ്രതിബദ്ധതയും പ്രതികരണ ശേഷിയുമുള്ള തലമുറ ഉയർന്നുവരുന്നതെന്നാണ് ശിവപ്രസാദിന്റെ പക്ഷം.

Related