കാട്ടിലൂടെ 5 മണിക്കൂർ സഞ്ചരിച്ച് ഉൾവനത്തിലെത്തി, അട്ടപ്പാടിയിൽ 10000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ച് അട്ടപ്പാടിയിൽ കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. അഗളി സബ് ഡിവിഷനിൽ പുതു പോലീസ് സ്റ്റേഷൻ പരിധിയിലെ സത്യക്കല്ലുമലയുടെ താഴ് വാരത്തെ ഏകദേശം 60 സെൻ്റ് സ്ഥലത്തായിരുന്നു കഞ്ചാവ് കൃഷി. മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം ചെടികളാണ് കണ്ടെത്തിയത്. കേരള തീവ്രവാദ വിരുദ്ധ സേനയും ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പോലീസും ചേർന്നാണ് റൈഡ്
നടത്തിയത്. ഏറെ ദുഷ്കരമായ കാട്ടിലൂടെ 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് സ്ഥലത്തെത്തിയത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്ന കേരള ATS DIG പുട്ടാ വിമലാദിത്യ ips നു ലഭിച്ച വിവരത്തെ തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിൻ്റെ നിർദേശത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇത് കൃഷി ചെയ്തവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.







