കേരള ബാങ്ക് രൂപീകരണം സഹകരണ ബാങ്കുകള്‍ക്ക് പുത്തന്‍ ഉണര്‍വ്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദേശ സാല്‍കൃത ബാങ്കുകളോട് കിട പിടിക്കാവുന്ന രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴിലെ നവീകരിച്ച കൊടുമ്പ് ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല കാഴ്ച വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാരന്റെ എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപെടുന്ന രീതിയാണ് സഹകരണ ബാങ്കുകള്‍ തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി. ഉണ്ണി എം.എല്‍.എ

അധ്യക്ഷനായി. പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. മണികണ്ഠന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിതിന്‍ കണിച്ചേരി, കെ. രാജന്‍, സഹകരണ വകുപ്പ് ജില്ലാ ജോയന്റ് റജിസ്ട്രാര്‍ അനിതാ. ടി. ബാലന്‍, അസിസ്റ്റന്റ് റജിസ്ട്രാര്‍ പി. ഷണ്‍മുഖന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സുനില്‍, കെ. ഹരിദാസന്‍, കൊടുമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്‍. കുമാരന്‍ സംസാരിച്ചു.