അട്ടപ്പാടിയിൽ കനത്ത മഴയിൽ ദമ്പതികൾ തുരുത്തിൽ പെട്ട സംഭവം : രക്ഷാപ്രവർത്തനങ്ങളെ വിശദീകരിച്ച് അഗ്നിശമന സേന.

അട്ടപ്പാടിയിൽ കനത്ത മഴയിൽ ദമ്പതികൾ തുരുത്തിൽ പെട്ട സംഭവം. രക്ഷാപ്രവർത്തനങ്ങളെ വിശദീകരിച്ച് അഗ്നിശമന സേന. ദൗത്യം കഴിഞ്ഞ് ചുരം ഇറങ്ങവെയാണ് വിലപ്പെട്ട ജീവനുകൾക്ക് വേണ്ടി മുൾമുനയിൽ നിന്ന നിമിഷങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. അഗളി പട്ടിമാളം കോണാർ തുരുത്തിലാണ് മണ്ണാർക്കാട് സ്വദേശി സുഗുണനും, ഭാര്യ വൽസമ്മയും അകപ്പെട്ടത്. നാടകീയ രംഗങ്ങളിലൂടെയാണ് ഇവരെ രക്ഷിച്ചതെന്ന് ലീഡിങ്ങ് ഫയർമാൻ പി.നാസർ പറഞ്ഞു. ആധുനിക സജ്ജീകരണങ്ങളുമായി അഗ്നിശമന സേനയുടെ യൂണിറ്റ് തയാറെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ കൂർമ്മ ബുദ്ധിയാണ് ദൗത്യവിജയത്തിന് സഹായകമായതെന്ന് അദ്ദേഹം വിശദീകരിച്ചു. രാവിലെ ആറ് മണിയോടെ എത്തി ചേർന്ന അഗ്നിശമന സേനയുടെ മണ്ണാർക്കാട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിനുള്ള കർമ്മപദ്ധതി തയാറാക്കി. മറുഭാഗത്തേക്ക് എറിഞ്ഞു കൊടുത്ത കയർ അപകടത്തിൽപ്പെട്ട സുഗുണൻ മരത്തിൽ കെട്ടിയതിനെ

തുടർന്ന് ഹോം ഗാർഡ് അനിൽകുമാർ കുത്തിയൊലിക്കുന്ന പുഴക്ക് കുറുകെ നീങ്ങി. പുറകെ ഡ്രൈവർ മെക്കാനിക്ക് ബാബുവും സഹായത്തിനെത്തിയതോടെ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനായെന്ന് നാസർ വിശദീകരിച്ചു. അതിസാഹസികമായിരുന്നു ദൗത്യനിർവഹണമെന്ന് അദ്ദേഹം പറഞ്ഞു. 1987-ന് ശേഷം ആദ്യമായാണ് പട്ടിമാളത്തെ തുരുത്തിൽ നിന്ന് അഗ്നി ശമന സേന ജീവനുകൾ രക്ഷിച്ചെടുക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ബോട്ടിൽ രക്ഷപ്പെടുത്താനുള്ള ശ്രമം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് വിജയിച്ചത്. എന്നാൽ ഇത് കേവലം കയറിന്റെ സഹായത്താൽ നിർവഹിച്ചത് അഗ്നിശമന സേനയുടെ ബുദ്ധിയും അർപ്പണബോധവും വെളിപ്പെടുത്തുന്നു. പ്രകൃതിദുരന്തത്തിനായി ചുരം തയാറെടുക്കുമ്പോഴും ഈ കർമ്മസംഘത്തിൽ തന്നെയാണ് നാട് വിശ്വാസമർപ്പിക്കുന്നത്. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്ന സമയത്തും വിലപ്പെട്ട ജീവനുകളുടെ തുടിപ്പിന്റെ സംരക്ഷണത്തിനായി പാഞ്ഞടുക്കുകയാണ് ഇവർ.

Related