കുമരംപുത്തൂർ ഹൗസിങ്ങ് സൊസൈറ്റി : ഭരണം നില നിർത്താൻ തീവ്രശ്രമം നടത്തി സി.പി.ഐ.

കുമരംപുത്തൂർ ഹൗസിങ്ങ് സൊസൈറ്റി ഭരണ സമിതി പിരിച്ചു വിട്ട സംഭവം. ഭരണം നില നിർത്താൻ തീവ്രശ്രമം നടത്തി സി.പി.ഐ. പാർട്ടിയുടെ പേരിൽ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന പി.പ്രഭാകരനെ പാർട്ടി പുറത്താക്കിയതോടെയാണ് പുതിയ ഭരണസമിതി വീണ്ടും അധീനതയിലാക്കാനുള്ള ശ്രമം സി.പി.ഐ. ശക്തമാക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രഭാകരനെ പുറത്താക്കിയത്. എന്നാൽ മാസങ്ങൾക്ക് മുൻപെ അച്ചടക്ക നടപടിയെ നേരിടാൻ പ്രഭാകരൻ തയാറെടുത്തതായാണ് വ്യക്തമാവുന്നത്. ഏറെ കാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് ശേഷം കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് തുടക്കമെന്നു വേണം പറയാൻ. പുതുമുഖങ്ങൾക്ക് മാത്രം അവസരമെന്ന സിപിഐ അജണ്ട, വരാനിരിക്കുന്ന ഹൗസിങ്ങ് സൊസൈറ്റി തെരഞ്ഞെടുപ്പിലും നടപ്പിലാക്കിയാൽ തന്റെ പ്രസിഡണ്ട് സ്ഥാനത്തിന് ഭീഷണിയാകുമെന്ന് പ്രഭാകരൻ ഭയപ്പെട്ടെന്നിരിക്കണം. ഇതിന്റെ പ്രതിഫലനമെന്നോണം സി പി ഐ ജില്ലാ സമ്മേളനത്തിൽ പോലും അദ്ദേഹം അഭാവമറിയിച്ചത് അണികളിലും

ആശങ്കയുയർത്തിയിരുന്നു. എന്നാൽ തുടർ ദിവസങ്ങളിൽ മണ്ഡലം സെക്രട്ടറി ഉൾപെടെയുള്ള ബോർഡംഗങ്ങളെ നിസ്സഹായരാക്കി രണ്ടായിരത്തിലധികം സി പി എം അനുഭാവികൾക്ക് അംഗത്വം നൽകിയത് സി പി ഐ നേതൃത്വത്തെ ഞെട്ടിച്ചു. ഇത് പാർട്ടി തെറിപ്പിച്ചേക്കാവുന്ന തന്റെ പ്രസിഡണ്ട് സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ആദ്യ ചുവടായിരുന്നു. തുടർന്ന് അംഗങ്ങളെ രാജി വപ്പിച്ച് ഭരണസമിതി സി പി ഐ യുടെ ന്യൂനപക്ഷത തെളിയിച്ച് പിരിച്ചുവിട്ടതോടെയാണ് പ്രഭാകരന്റെ അടവു തന്ത്രങ്ങൾ പാർട്ടി തിരിച്ചറിഞ്ഞത്. ഇതിൽ ഒരംഗത്തിന്റെ രാജി വ്യാജ ഒപ്പിട്ടാണെന്ന വാദത്തിൽ ഭരണ സമിതിയുടെ തുടർച്ചക്കായി ഹൈക്കോടതി വിധി തേടുകയാണ് സി പി ഐ . എന്നാൽ ഒക്ടോബറോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ പ്രസിഡണ്ട് സ്ഥാനം നിലനിർത്താനായി സൃഷ്ടിച്ച അംഗബലം തുണയേകുമെന്ന വിശ്വാസത്തിലാണ് പ്രഭാകരൻ. ഇതു സംബന്ധിച്ച് വരും ദിനങ്ങളിൽ സി പി എമ്മിന്റെ നിലപാടാണ് നിർണ്ണായകമാവുക.

Related