കനത്ത മഴയിൽ കരിമ്പയില്‍ കിണർ ഇടിഞ്ഞുതാഴ്ന്നു : വീടും അപകടാവസ്ഥയിൽ.

പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. പരിസരത്തെ മണ്ണിടിഞ്ഞതോടെ വീട് നിലംപതിക്കാവുന്ന സ്ഥിതിയിലായി. കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മൂന്നേക്കർ കാഞ്ഞിരാനി വീട്ടിൽ കെ.പി സുബ്രമണ്യന്റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇന്നലെ രാത്രിയിൽ ഇടിഞ്ഞു താഴ്ന്നത്. താഴ്വശത്ത് മണ്ണിടിഞ്ഞതോടെ 30 അടിയോളം താഴ്ചയുള്ള കിണറിന്റെ ആൾ മറയുൾപ്പടെയുള്ള ചുറ്റു ഭാഗം കിണറിനുള്ളിലേയ്ക്ക് പതിക്കുകയായിരുന്നു.

വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവർ ഉണർന്നപ്പോഴേയ്ക്കും വീടിന്റെ തറനിരപ്പു വരെ മണ്ണിടിഞ്ഞ് താഴ്ന്ന കാഴ്ചയാണനുഭവപ്പെട്ടത്. തുടർന്ന് നാട്ടുകാരുടെ പരിശ്രമത്തോടെ മരക്കഷ്ണങ്ങളും പലകയും മറ്റുo നിരത്തി മണ്ണിടിച്ചിൽ താൽക്കാലികമായി തടഞ്ഞതിനാൽ വീട് നിലം പതിക്കാതെ രക്ഷിക്കുവാനായി. വീടിന്റെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് കിണറിന്റെ ശേഷിച്ച ഭാഗം മണ്ണിട്ട് നികത്തുവാൻ വീട്ടുകാർ നിർബന്ധിതരായി. വീട്ടാവശ്യത്തിനുംകൃഷിക്കുംഉപയോഗിച്ചു വരുന്ന കിണറാണിത്. റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

Related